പാവറട്ടി: കോൾ കർഷകർ നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തിൽ നെൽക്കർഷകരുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന സെമിനാർ മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെങ്കിടങ്ങ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സെമിനാറിൽ വടക്കേ കോഞ്ചിറ കോൾ പാശേഖര സമിതി പ്രസിഡന്റ് ടി.വി.ഹരിദാസൻ അദ്ധ്യക്ഷനായി. വെങ്കിടങ്ങ് പഞ്ചായത്തിലെ എട്ട് പാടശേഖര സമിതിയിലെ 100 കർഷകൻ സെമിനാറിൽ പങ്കെടുത്തു. ഡോ.വി.വൻസി, ഡോ.സി. മധുസൂദനൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരപ്പിച്ചു
വർഷങ്ങളായി തുടങ്ങി വച്ച മുല്ലശ്ശേരി കെ.എൽ.ഡി.സി. കനാൽ മുതൽ ഏനാമാക്കൽ റെഗുലേറ്റർ വരെയുള്ള ഹൈലവൽ കനാലിന്റെ ഒന്നാംഘട്ടം നിർമ്മാണം പൂർത്തിയാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ചാഴൂർ മുതൽ ഏനാമാക്കൽ വരെയുള്ള കനാലിന്റെ രണ്ടാംഘട്ടം നിർമ്മാണവും സമയബന്ധിതമായി പൂർത്തീകരിക്കണം. കോൾ പാടശേഖരങ്ങളിലെ കനാൽ ബണ്ടുകൾ സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യം ഉയർന്നു. നെല്ല് സംഭരണത്തിലെ അശാസ്ത്രീയമായ സീസൺ രജിസ്ട്രേഷനിലെ അപാകതകൾ പരിഹരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
മുൻകൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ ചാന്ദിനി വേണു, ശ്രീദേവി ജയരാജൻ, ജിയോഫോക്സ്, സിന്ധു അനിൽകുമാർ, വെങ്കിടങ്ങ് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് വി.കെ. ഷറഫുദീൻ, കൃഷി ഓഫീസർ ജെയ്ക്കബ് ഷെമോൻ, രവീന്ദ്രൻ അമ്പാട്ട്,
കെ.എച്ച്. നജീബ്, ബിജോയ് പെരുമാട്ടിൽ, അബ്ദുൾ അക്ബർ എന്നിവർ പ്രസംഗിച്ചു. കൃഷി, ഇറിഗേഷൻ, കെ.എൽ.ഡി.സി. ഉദ്യോഗസ്ഥരും സെമിനാറിൽ പങ്കെടുത്തു. സെമിനാറിൽ എടുത്ത തീരുമാനങ്ങളും നിർദ്ദേശങ്ങളും ബന്ധപ്പെട്ട വകുപ്പകൾക്ക് സമർപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.