cow-

തൃശൂർ: ആറു മിനിട്ടുകൊണ്ട് ഒരേസമയം എട്ടു പശുക്കളുടെ കറവ. പാത്രം തൊടാതെ പാൽ നേരെ സംഭരണ കേന്ദ്രത്തിൽ. കറന്ന പാലിന്റെ മേൻമയും പറഞ്ഞുതരും. പശുവിന് രോഗമുണ്ടെങ്കിൽ അതും വെളിപ്പെടുത്തും. ഇസ്രയേലിന്റെ ഈ ക്ഷീരവിപ്ളവം മണ്ണുത്തി വെറ്ററിനറി സർവകലാശാല ലൈവ്‌സ്റ്റോക്ക് ഫാമിൽ നടപ്പിലാക്കുന്നു. ഇസ്രയേൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അത്യാധുനിക ആട്ടോമാറ്റിക് മിൽക്കിംഗ് പാർലർ നാലു മാസത്തിനുള്ളിൽ ഇന്ത്യൻ കമ്പനി സജ്ജമാക്കുന്നതോടെ മൂന്നു മണിക്കൂറിലേറെ സമയമെടുത്ത് ചെയ്തിരുന്ന കറവ ഒരു മണിക്കൂറും ചില്ലറ മിനിട്ടും കൊണ്ടു തീരും.

കറവ കഴിഞ്ഞാൽ അകിടിൽ നിന്ന് കപ്പ് തനിയേ മാറും. സാധാരണ മിൽക്കിംഗ് മെഷീൻ ഉപയോഗിച്ചാൽ കണ്ടെയ്‌നർ, വാക്വം പൈപ്പ്, കപ്പ് എന്നിവയെല്ലാം കഴുകി വൃത്തിയാക്കണമായിരുന്നു. ഇതിൽ കണ്ടെയ്നർ ഇല്ല, പൈപ്പും കപ്പും ജലമുപയോഗിച്ച് സ്വയം വൃത്തിയാക്കും.

100 പശുക്കൾ, 75 മിനിട്ട്

100 പശുക്കളെ പുതിയ യന്ത്രത്തിലൂടെ കറക്കാൻവേണ്ടത്

75 മിനിട്ട്

നിലവിലെ കറവ സമയം: 3 മണിക്കൂർ

70 ലക്ഷം: പുതിയ സംവിധാനത്തിന് ചെലവ്

400: കിടാരികൾ അടക്കം കന്നുകാലികൾ

100: കറവപ്പശുക്കൾ
26: കറവയുള്ള എരുമകൾ

ഫ്രീസ്‌വാൾ: പശുവിന്റെ ഇനം

മുറ: എരുമയുടെ ഇനം

1917ൽ: ഫാം തുടങ്ങിയത്

2 കോടി വരുമാനം

100 പശുക്കളിൽ നിന്ന് ഒരു വർഷം കൊണ്ട് കിട്ടിയത് രണ്ടു കോടി രൂപയുടെ പാൽ.

കഴിഞ്ഞമാസം പ്രതിദിനം 1,250 ലിറ്റർ പാൽവരെ ഉത്പാദിപ്പിച്ച് റെക്കാഡിട്ടു. ഫാമിലെ ഔട്ട് ലെറ്റുകൾ വഴിയാണ് വില്പന.

വിദേശി + സ്വദേശി

ഉയർന്ന ഉത്പാദന, പ്രത്യുത്പാദന ക്ഷമത, കാലാവസ്ഥയുമായി പെട്ടെന്ന് പൊരുത്തപ്പെടും. രോഗ പ്രതിരോധശേഷി, ലളിതമായ പരിചരണം. ഇതൊക്കെയാണ് ഫ്രീസ് വാൾ പശുവിന്റെ സവിശേഷത. അത്യുത്പാദന ശേഷിയുള്ള, വിദേശയിനം ഹോൾസ്‌റ്റൈൻ ഫ്രീഷ്യനും ഉയർന്ന രോഗപ്രതിരോധ ശേഷിയും ചൂടിനെ പ്രതിരോധിക്കാൻ കഴിവുമുള്ള ഇന്ത്യയുടെ തനത് ഇനമായ സഹിവാളും ചേർന്ന സങ്കരയിനമാണിത്. പരമാവധി പ്രതിദിനം 25 ലിറ്റർ പാൽ ലഭിക്കാം. ഫാമിൽ ശരാശരി 12 ലിറ്ററാണ് ലഭിക്കുന്നത്.

ഓട്ടോമാറ്റിക് കറവയന്ത്രം വരുന്നതോടെ പാൽ ഉത്പാദനത്തിൽ ഇനിയും വൻ വർദ്ധനയുണ്ടാകും.

ഡോ. ശ്യാംമോഹൻ

ഫാം മേധാവി