punarjani-nahal
പുനർജനി ഗുഹ നൂഴ്ന്നു വരുന്ന ഭക്തൻ

തിരുവില്വാമല: പുണ്യം തേടി നൂറ് കണക്കിന് ഭക്തർ വില്വാമലയിലെ പുനർജനി ഗുഹ നൂഴാനെത്തി. ഇന്നലെ പുലർച്ചെ വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്നും മേൽശാന്തി കുന്നത്ത് മന കേശവൻ നമ്പൂതിരി, ക്ഷേത്രം മാനേജർ മനോജ് കെ. നായർ എന്നിവരുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾ നാമജപ ഘോഷയാത്രയായി ഗുഹാമുഖത്ത് എത്തി. പിന്നീട് നടന്ന പ്രത്യേക പൂജയ്ക്ക് ശേഷം ഗുഹയുടെ മുകൾ ഭാഗത്ത് നിന്നും നെല്ലിക്ക ഗുഹയിലേക്കിട്ട് , ആദ്യം നൂഴാൻ നിന്നവരെ തീർത്ഥം തളിച്ചതിനു ശേഷം പുനർജ്ജനി നൂഴൽ ആരംഭിച്ചു.

ഭക്തജനങ്ങൾക്കായി കൊച്ചിൻ ദേവസ്വം ബോർഡ് സൗകര്യം ഒരുക്കിയിരുന്നു. ദേവസ്വവും പഞ്ചായത്തും മറ്റ് സന്നദ്ധ സംഘടനകളും കുടിവെള്ളം, ലഘുഭക്ഷണ വിതരണം എന്നിവ നടത്തി. ക്ഷേത്രത്തിലും ലഘു ഭക്ഷണ വിതരണം ഉണ്ടായിരുന്നു. ക്ഷേത്രത്തിൽ മേളം, പഞ്ചവാദ്യം എന്നിവയോടു കൂടിയ പ്രത്യേക കാഴ്ചശീവേലി എഴുന്നെള്ളിപ്പും നടന്നു. വൈകീട്ട് ചുറ്റുവിളക്ക് തായമ്പക, കേളി എന്നിവയും ഉണ്ടായിരുന്നു.

പൊലീസ്, ആരോഗ്യ വകുപ്പ്, ഫയർ ആൻഡ് റെസ്‌ക്യൂ , പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളുടെ സേവനവും ലഭ്യമാക്കിയിരുന്നു. ആരോഗ്യ വകുപ്പിന്റ നിർദേശപ്രകാരം കൊവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രണം പാലിച്ചായിരുന്നു പുനർജനി നൂഴുന്നതിന് ടോക്കൺ നൽകിയിരുന്നത്. മുൻവർഷത്തേക്കാൾ ഭക്തജനത്തിരക്ക് കുറവായിരുന്നെങ്കിലും അഞ്ഞൂറോളം പേർ എത്തിയിരുന്നു.