കൊടുങ്ങല്ലൂരിൽ വൃശ്ചിക വേലിയേറ്റം രൂക്ഷം
കൊടുങ്ങല്ലൂർ: വൃശ്ചിക വേലിയേറ്റത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരിലെ കായലോരത്തെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. പ്രളയത്തിന് സമാനമായ വെള്ളക്കെട്ടാണ് വിവിധ സ്ഥലങ്ങളിൽ അനുഭവപ്പെടുന്നത്. നഗരസഭ പ്രദേശങ്ങളായ പടന്ന, നാലുകണ്ടം, ആനാപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് രൂക്ഷമായ വേലിയേറ്റം. ഉപ്പുവെള്ളം കയറി വീടുകളിൽ വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
രാത്രി പ്രതീക്ഷിക്കാതെ കയറുന്ന വെള്ളമായതിനാൽ വീടിന്റെ പുറത്തുവയ്ക്കുന്ന പാത്രങ്ങളും മറ്റും ഒഴുകിപ്പോകുന്ന സ്ഥിതിയാണ്. കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയുമാണ്.
അർദ്ധരാത്രി കഴിഞ്ഞാൽ വെള്ളം കയറി തുടങ്ങും. രാവിലെ ഒമ്പതോടെ ഇറങ്ങുകയും ചെയ്യും. മുൻകാലങ്ങളിൽ അനുഭവപ്പെടാത്ത രീതിയിലാണ് പുഴയിൽ നിന്നും തോടുകളിൽ നിന്നും വെള്ളം വീടുകളിലേയ്ക്ക് ഒഴുകിയെത്തുന്നത്. കടലിലെ ഉപ്പുവെള്ളം കായലിലേയ്ക്ക് കയറി ഇടതോടുകളിലൂടെ വീടിന്റെ ഇറയത്തും മുറ്റത്തും ഒഴുകിയെത്തും.
പാലിയം തുരുത്ത്, കക്കമാടൻ തുരുത്ത്, അഞ്ചങ്ങാടി എന്നീ പ്രദേശങ്ങളിലും അസാധാരണമായ രീതിയിലാണ് വെള്ളം കയറുന്നത്. ഇടത്തോടുകളിലൂടെ വെള്ളം ഒഴുകിയെത്തുന്നത് തടഞ്ഞു നിറുത്താൻ വിദഗ്ദ്ധരുമായി ചർച്ച ചെയ്ത് പരിഹാരം കാണുമെന്ന് വെള്ളം കയറിയ വീടുകൾ സന്ദർശിച്ച ചെയർപേഴ്‌സൺ എം.യു. ഷിനിജയും വൈസ് ചെയർമാൻ കെ.ആർ. ജൈത്രനും അറിയിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സന്മാരായ എൽസി പോൾ, ഷീല പണിക്കശ്ശേരി, കൗൺസിലർ സി.എസ്. സുവിന്ദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വെള്ളം കയറിയ പ്രദേശങ്ങൾ
പടന്ന, നാലുകണ്ടം, ആനാപ്പുഴ, പാലിയം തുരുത്ത്, കക്കമാടൻ തുരുത്ത്, അഞ്ചങ്ങാടി