കൊടുങ്ങല്ലൂർ - ഷൊർണൂർ റോഡ് നിർമ്മാണം
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ - ഷൊർണൂർ റോഡ് നിർമ്മാണത്തിൽ ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരമാകുന്നു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചർച്ചയിലാണ് ആശങ്കകൾ പരിഹരിച്ച് നിർമ്മാണം നടത്താൻ ധാരണയായത്.
നിലവിൽ 62 സെന്റിമീറ്റർ മുതൽ 1.39 മീറ്റർ വരെ ഉയർത്താൻ ഉദ്ദേശിച്ച പ്രദേശങ്ങളിൽ പരമാവധി 50 സെന്റിമീറ്റർ വരെ ഉയർത്തുകയുള്ളു. റോഡിൽ നിലനിൽക്കുന്ന എല്ലാ സംവിധാനങ്ങളും സുരക്ഷിതമായി നിലനിറുത്തുകയോ, മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാനുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
കൺസൽട്ടിംഗ് ഏജൻസിയും നിർമ്മാണം സൂപ്പർവൈസ് ചെയ്യുന്ന ഏജൻസികളോടും സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർ എം.എൽ.എയുമായി ചർച്ച നടത്തി. തുടർന്നാണ് ജനങ്ങൾ ആശങ്കയറിച്ച പ്രദേശങ്ങളിൽ ഏജൻസികളുടെ പ്രതിനിധികൾ സന്ദർശനം നടത്തിയത്. അടിയന്തരമായി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഇവർ പറഞ്ഞു. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം. മുകേഷ്, വൈസ് പ്രസിഡന്റ് സുജന ബാബു, ഡി.പി.ആർ ടീം ലീഡർ മോഹൻ, സുബ്രഹ്മണ്യൻ, മധുസൂദനൻ, വിവേക്, എൽ.ഡി.എഫ് നേതാക്കളായ എം. രാജേഷ്, സുരേഷ് പണിക്കശ്ശേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.