എരുമപ്പെട്ടി: വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിക്കൂടുന്ന വീട്ടമ്മയുടെ ജീവിതത്തിന് ആർട് വർക്കിലൂടെ നിറം പകരുകയാണ് ട്രീസ ഷാജുപോൾ. കൊവിഡ് മൂലം ലോക വാതിലുകൾ അടച്ചിടപ്പെട്ട കാലത്താണ് ട്രീസ ഷാജുപോളിന്റെ കലാജീവീതത്തിന് കൂടുതൽ മിഴിവ് കൈവന്നത്. ഞാലിക്കരയിൽ കയ്യാല എന്ന് പേരിട്ട കുറ്റിക്കാട്ട് വീടിനകം നിറയെ ട്രീസയുടെ കലാസൃഷ്ടികളാണ്. 15 വർഷം ഗൾഫിൽ ബ്യൂട്ടിഷ്യയായിരുന്നു. നാട്ടിലെത്തിയ ട്രീസ പഴയ തറവാട്ടിലെ 75 വർഷത്തിലധികം പഴക്കമുള്ള വലിയ രണ്ട് മൺഭരണികളിലാണ് നേരംപോക്കിനായി കളിമണ്ണ്‌കൊണ്ട് പൂക്കളുണ്ടാക്കിയുള്ള അലങ്കാര പണികളുള്ള ബിഗ്‌പോട്ട് റോസ് ഫ്‌ളവറിന് തുടക്കം കുറിച്ചത്. ഭാര്യയുടെ കഴിവുകൾ തിരിച്ചറിഞ്ഞ ഷാജുപോൾ എല്ലാവിധ പ്രേത്സാഹനവുമായി കൂടെ നിന്നത് ട്രീസയുടെ ജീവീതം മാറ്റിമറിയ്ക്കുകയായിരുന്നു. ശിൽപ്പ നിർമ്മാണത്തിനാവശ്യമായ മൺഭരണികളും പറകളും മറ്റ് പാത്രങ്ങളും പാത്രാമംഗലത്തെ കുംഭരന്മാരാണ് നിർമ്മിച്ച് നൽകുന്നത്. കളിമൺ ശിൽപ്പങ്ങൾ കാലത്തെ അതിജീവിക്കാത്തത് കൊണ്ട് ശിൽപ്പികൾ സാധാരണ കളിമണ്ണ് കൊണ്ട് ശിൽപ്പങ്ങൾ ഉണ്ടാക്കുന്നത് മോൾഡിന് വേണ്ടി മാത്രമാണ്. എന്നാൽ ട്രീസ നിർമ്മിക്കുന്നവ കാലത്തെ അതിജീവിക്കുന്നവയാണ്. കളിമണ്ണ് ഉണങ്ങി പൊടിയാകാതിരിക്കാനും നിറങ്ങൾ മങ്ങാതിരിക്കുവാനുമായി സ്വന്തമായി വികസിപ്പിച്ചെടുത്ത വിദ്യയും ഇവർക്കുണ്ട്. രണ്ട് വർഷത്തിലധികമായി നിർമ്മിച്ചവ ഇപ്പോഴും ഒളിമങ്ങാതെയിരിക്കുന്നത് തന്നെയാണതിന് തെളിവ്. ചെറുതും വലുതുമായി 35 ലധികം സൃഷ്ടികളാണുള്ളത്. ഓരോ നിമിഷവും ജീവിതത്തെ വർണാഭമാക്കിയാണ് ട്രീസ തന്റെ ഒഴിവ് സമയം കൊണ്ട് കലാജീവിതത്തിന് ഊടും പാവും നെയ്യുന്നത്.

ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കഴിവുകൾ പുതുക്കാൻ സ്ത്രീകൾ മുന്നോട്ടു വരണം. ഇത്തരം വേറിട്ട പ്രവർത്തനങ്ങൾ മാനസിക പ്രയാസങ്ങൾ കുറയ്ക്കാനും ജീവിതത്തിന് പുതുകാഴ്ച്ചപ്പാട് നൽകാനും സഹായിക്കും.
-ട്രീസ ഷാജു പോൾ-