mmmmമണലൂർ പഞ്ചായത്തിലെ കരാംകുളം

കാഞ്ഞാണി: മണലൂർ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ കരാംകുളം നവീകരണത്തിനൊരുങ്ങുന്നു.

നബാർഡിന്റെ സഹായത്തോടെയാണ് നവീകരണം. കുളത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് കേരളകൗമുദി നിരവധി തവണ റിപ്പോർട്ട് ചെയ്തിരുന്നു. കൊച്ചിൻ ദേവസ്വം ബോഡിന്റെ കീഴിലുള്ള കുളമാണെങ്കിലും വർഷങ്ങളായി മണലൂർ പഞ്ചായത്താണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.

പ്രദേശത്തെ നൂറുകണക്കിന് ആളുകളാണ് കുളിക്കാനും കൃഷി ആവശ്യത്തിനുമായി കുളത്തെ ആശ്രയിക്കുന്നത്. കടുത്ത വേനലിലും ജലസമൃദ്ധമായ കുളത്തിന്റെ സമീപ പ്രദേശങ്ങളിലൊന്നും ജലക്ഷാമം അനുഭവപ്പെടാറില്ല. വർഷംതോറും കുളം വൃത്തിയാക്കാത്തതിനാൽ ചണ്ടിയും ചെളിയും നിറഞ്ഞ് കുളം നാശത്തിന്റെ വക്കിലായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഹൈടെക്ക് മോഡൽ നവീകരണത്തിലൂടെ കുളത്തെ പുനരുജ്ജീവിപ്പിക്കാനൊരുങ്ങുന്നത്. പഞ്ചായത്ത് അസി. എൻജിനിയർ ഇക്ബാൽ, ഓവർസീർമാരായ വി.ആർ. അജിത, എം.ടി. അബിത എന്നിവർ പദ്ധതി തയ്യാറാക്കി അംഗീകാരത്തിനായി പ്ലാനിംഗ് ബോർഡിന് സമർപ്പിച്ചു. മണലൂർ പുത്തൻകുളവും നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വകയിരുത്തിയത്

നബാർഡ് 3.12 കോടി

മണലൂർ പഞ്ചായത്ത് 16.50 ലക്ഷം

ഹൈടെക്ക് കുളം

കുളത്തിന് ചുറ്റും ടൈൽ നടപ്പാത, സ്റ്റീൽ കൈവരി, കോൺക്രീറ്റ് സംരക്ഷണ ഭിത്തി, വിശ്രമസ്ഥലം, സ്ത്രീകൾക്കും പുരുഷന്മാർക്കും ടോയ്‌ലെറ്റ് എന്നിവ ഒരുക്കും.