തൃശൂർ: മുള്ളൂർക്കര വാഴക്കോട് വളവിൽ അടഞ്ഞ് കിടന്ന കരിങ്കൽ ക്വാറിയിൽ സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജില്ലാ കളക്ടർ അദ്ധ്യക്ഷനായി വിവിധ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റിക്ക് രൂപം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. മോണിറ്ററിംഗ് കമ്മിറ്റി പ്രതിമാസ അവലോകനം നടത്തണമെന്നും ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. മുള്ളൂർക്കര അപകടത്തിൽ അർഹരായവർക്ക് നഷ്ടപരിഹാരം സമയ പരിധിക്കുള്ളിൽ നൽകണമെന്നും നിർദ്ദേശിച്ചു. ലൈസൻസില്ലാതെ ക്വാറി പ്രവർത്തിപ്പിക്കുക വഴി സർക്കാരിനുണ്ടായ നഷ്ടം ബന്ധപ്പെട്ട വ്യക്തികളിൽ നിന്നും ഈടാക്കാൻ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തൃശൂർ ജില്ലാ കളക്ടറിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി.
കഴിഞ്ഞ ജൂൺ 21 ന് രാത്രിയിലാണ് സംഭവം നടന്നത്. ഒരാൾ മരിക്കുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്വാറി ഉടമകളിൽ ഒരാളായ അബ്ദുൾ നൗഷാദാണ് (45) മരിച്ചത്. മരിച്ച ക്വാറി ഉടമ ഒഴികെയുള്ള നാല് പേരും തൊഴിലാളികളാണെന്നും ഇവരുടെ ചികിത്സാ ചെലവും നഷ്ടപരിഹാരവും ക്വാറി ഉടമസ്ഥരിൽ നിന്ന് ഈടാക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി. കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിന് പുറമെ പൊതുപ്രവർത്തകനായ അഡ്വ. ദേവദാസും പരാതി സമർപ്പിച്ചിരുന്നു.
കമ്മിഷൻ നിരീക്ഷണം ഇപ്രകാരം
നിയമലംഘനങ്ങളെ തുടർന്ന് മുമ്പും ക്വാറിക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. 2017 ൽ നിയമലംഘനം ഉണ്ടായപ്പോൾ കർശന നടപടി സ്വീകരിച്ചിരുന്നെങ്കിൽ 2021 ലുണ്ടായ അത്യാഹിതം ഒഴിവാക്കാമായിരുന്നു. പാറ പൊട്ടിക്കുന്നതിനായി അനധികൃതമായി ശേഖരിച്ച സ്‌ഫോടക വസ്തുക്കൾ മുൻകരുതലില്ലാതെ നശിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാണ്.