നാട്ടുകാർക്ക് ഭീഷണിയായ വാട്ടർ ടാങ്ക് പൊളിച്ചുമാറ്റാൻ സഹായവുമായി അവണങ്ങാട്ട് കളരി
പെരിങ്ങോട്ടുകര: താന്ന്യം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കാലപ്പഴക്കം വന്ന് വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന വാട്ടർ ടാങ്ക് പൊളിച്ചുമാറ്റാൻ സഹായവുമായി അവണങ്ങാട്ട് കളരി. വാട്ടർ അതോറിറ്റിക്ക് ഫണ്ട് ലഭ്യമല്ലാത്തതിനാലാണ് അവണങ്ങാട്ട് കളരി സഹായം നൽകിയത്.
അവണങ്ങാട്ട് പടിക്ക് സമീപമാണ് ടാങ്ക് നിലനിന്നിരുന്നത്. ടാങ്ക് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു. വാർഡംഗവും പഞ്ചായത്ത് കമ്മിറ്റിയും നിരവധി പരാതികൾ വാട്ടർ അതോറിറ്റിക്ക് നൽകിയെങ്കിലും ടാങ്ക് പൊളിച്ചുമാറ്റാൻ ഫണ്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്.
ടാങ്ക് പൊളിച്ചു നീക്കാൻ വാട്ടർ അതോറിറ്റി എസ്റ്റിമേറ്റ് ഇട്ട തുക നൽകാമെന്ന് അവണങ്ങാട്ട് കളരി അഡ്വ. എ.യു. രഘുരാമപ്പണിക്കർ പഞ്ചായത്തിനെ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ, സെക്രട്ടറി കെ.പി. അനിൽ, പഞ്ചായത്തംഗങ്ങളായ സി.എൽ. ജോയ്, ആന്റൊ തൊറയൻ എന്നിവർ ചേർന്ന് 1,50,000 രൂപയുടെ ചെക്ക് എ.യു. രഘുരാമപ്പണിക്കരിൽ നിന്നും എറ്റുവാങ്ങി. വാട്ടർ അതോറിറ്റിയുടെ അക്കൗണ്ടിൽ പണമെത്തിയാൽ മൂന്നാഴ്ച കൊണ്ട് ടാങ്ക് പൊളിച്ചുമാറ്റൽ ആരംഭിക്കുമെന്ന് ഇരിങ്ങാലക്കുട അസി. എക്സിക്യൂട്ടീവ് എൻജിനിയർ രേഷ്മ പറഞ്ഞു.
വാട്ടർ ടാങ്ക് പൊളിച്ചുമാറ്റാനുള്ള തുക അഡ്വ. എ.യു. രഘുരാമപ്പണിക്കർ താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാറിന് കൈമാറുന്നു.