mmmmനിർമ്മാണം നടക്കുന്ന കരിക്കൊടി ലിങ്ക് റോഡ്.

കരിക്കൊടി ലിങ്ക് റോഡിന് ശാപമോക്ഷം

അന്തിക്കാട്: കരിക്കൊടി ലിങ്ക് റോഡിന് ശാപമോക്ഷം. തീരദേശമേഖലയായ കരിക്കൊടിയെയും കണ്ടശ്ശാംകടവിനെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കി. 250 മീറ്റർ റോഡാണ് പുതുതായി ടാർ ചെയ്തത്. 16.4 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയത്. കഴിഞ്ഞ ഏഴ് വർഷമായി റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയായിരുന്നു. ഈ റോഡിലൂടെയുള്ള യാത്ര പ്രദേശവാസികൾക്ക് ഏറെ ദുഷ്‌കരമായിരുന്നു. ഇതിനെതിരെ വാർഡ് അംഗം സിമി പ്രദീപിന്റെ നേതൃത്വത്തിൽ നാട്ടുകാർ നിരവധി തവണ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എന്നിട്ടും അധികാരികൾ അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും റോഡ് പൂർണമായി മുങ്ങിയിരുന്നു. ഇതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാ‌ർ പറയുന്നു. നൂറിലധികം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. അംഗനവാടിയും മറ്റുമുള്ള ഈ റോഡിനെ നിരവധി പേരാണ് ആശ്രയിക്കുന്നത്.

റോഡ് നന്നാക്കനാണെന്ന് പറഞ്ഞ് പത്തുമാസം മുമ്പ് കല്ല് ഇറക്കി പലയിടത്തും പൊടിമെറ്റൽ നിരത്തിയെങ്കിലും തുടർപ്രൃത്തിയൊന്നും നടത്തിയില്ല. തീരദേശത്ത് പ്രളയത്തിൽ തകർന്ന റോഡുകളെല്ലാം പുനർനിർമ്മിച്ചെങ്കിലും ഈ റോഡിനെ മാത്രം അധികൃതർ അവഗണിക്കുകയായിരുന്നു. തിരദേശ മേഖലയിൽ ഫിഷറീസ് വകുപ്പിനാണ് തകർന്ന റോഡിന്റെ പുനർനിർമ്മാണ ചുമതല.

ദൂരം 250 മീറ്റർ

വകയിരുത്തിയത് 16.4 ലക്ഷം