cake

ചാലക്കുടി: നഗരസഭയിൽ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് ക്രിസ്മസ് ശലഭങ്ങളെത്തി. ഹരിത കർമ്മ സേനയിലെ അംഗങ്ങളാണ് ക്രിസ്മസിനെ വരവേറ്റ് പുതിയ വേഷത്തിലെത്തിയത്. ആറാട്ടുകടവ് വാർഡിൽ കഴിഞ്ഞ ദിവസം ഇറങ്ങിയ സ്ത്രീകളെല്ലാം ഔദ്യോഗിക യൂണിഫോം കൂടാതെ സാന്റാ ക്ലോസ് തൊപ്പിയും അണിഞ്ഞിരുന്നു.

വാർഡ് കൗൺസിലർ അഡ്വ. ബിജു എസ്. ചിറയത്തായിരുന്നു സൂത്രധാരൻ. വെട്ടുകടവ് ഒരുക്കിയ ലളിതമായ ചടങ്ങിൽ ക്രിസ്മസ് കേക്കും മുറിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടൻ ആദ്യ കേക്ക് മുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ഹെൽത്ത് സൂപ്രണ്ട് പോൾ തോമസ്, സുമി സുനിൽ, കൗൺസിലർമാരായ അഡ്വ. ബിജു ചിറയത്ത്, കെ.ജെ. ജോജി എന്നിവർ സംസാരിച്ചു.

നഗരത്തിൽ സമ്പൂർണ പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് നഗരസഭയുടെ ആരോഗ്യ വിഭാഗം രൂപീകരിച്ച പദ്ധതിയിൽ ഹരിത കർമ്മ സേനയുടെ പേര് ഹരിത ശലഭങ്ങൾ എന്നാക്കിയിരുന്നു. ക്രിസ്മസ് വേളയിൽ സാന്റാ ക്ലോസ് തൊപ്പിയിട്ട് എത്തുന്ന സംഘം ഇതോടെ ക്രിസ്മസ് ശലഭങ്ങളുമായി.