കൊരട്ടി: ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ കൊരട്ടി പാഥേയത്തിലെത്തി ഭക്ഷ്യ വസ്തുക്കൾ സമർപ്പിച്ചു. ഗായത്രി ആശ്രമത്തിൽ നിന്നും ശിവഗിരി മഠത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് സ്വാമികൾ പാഥേത്തിലിറങ്ങിയത്. ഭക്ഷണത്തിനായി എത്തിയവർക്ക് പൊതിച്ചോറ് കൈമാറി. സച്ചിദാനന്ദ സ്വാമി ഫൗണ്ടേഷൻ ഭാരവാഹികളായ എം.കെ. സുനിൽ, കെ.ജി. രവി എന്നിവരും സ്വാമിക്കൊപ്പം ഉണ്ടായിരുന്നു. പാഥേയത്തിലെത്തിയ സ്വാമിയെ കെ.സി. ഷൈജു, സുന്ദരൻ പനംങ്ങൂട്ടത്തിൽ, ഷാജി എന്നിവർ ചേർന്ന് സ്വീകരിച്ചു.
വിശപ്പ് രഹിത സന്ദേശം പകർന്ന് ആർക്കും എടുത്ത് കഴിക്കാവുന്ന നിലയ്ക്കും ഭക്ഷണപ്പൊതി സമർപ്പിക്കാവന്ന തരത്തിലുമാണ് പാഥേയത്തിന്റെ പ്രവർത്തനം. ഒരു വർഷം മുൻപ് ആരംഭിച്ച പാഥേയം ട്രിപ്പിൾ ലോക് ഡൗൺ കാലത്ത് പോലും മുടക്കമില്ലാതെ പ്രവർത്തിച്ചിരുന്നു. ഏകദേശം 26,000 പേർക്കാണ് ഈ കാലയളവിൽ പാഥേയം വഴി ഭക്ഷണം ലഭ്യമാക്കിയത്. കൊരട്ടി ജനമൈത്രി പൊലീസും ജനകീയ കൂട്ടായ്മയുമാണ് പാഥേയത്തിന്റെ അണിയറ പ്രവർത്തകർ.