ചാലക്കുടി: നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പന്റെ നേതൃത്വത്തിൽ ടൗൺ ഹാൾ മൈതാനിയിൽ സംഘടിപ്പിക്കുന്ന കേക്ക് മേളയ്‌ക്കെതിരെ പ്രതിഷേധവുമായി എൽ.ഡി.എഫ്. സ്വന്തം വാർഡിലെ കുടുംബശ്രീ കെട്ടിട നിർമ്മാണത്തിന് പണം കണ്ടെത്താൻ വിവിധ കുടുംബശ്രീകളുടെ കേക്ക് വിൽപ്പനയാണ് ടൗൺ ഹാളിൽ ഉദ്ദേശിക്കുന്നത്. ഇത് നഗരത്തിലെ ചെറുകിട വ്യാപാരികൾക്ക് ഇത് കനത്ത നഷ്ടമാണ് വരുത്തുകയെന്നാണ് പ്രതിപക്ഷ നേതാവ് സി.എസ്. വിനു ചൂണ്ടിക്കാട്ടുന്നത്. ക്രിസ്മസ് മേളയ്ക്കായി വിവിധ സ്ഥാപനങ്ങൾ ബുക്ക് ചെയ്ത സ്ഥലം ചെയർമാൻ തിന്നിഷ്ടപ്രകാരം കൈയ്യേറിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. കൊവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന വ്യാപാരികളുടെ നട്ടെല്ല് ഒടിക്കുന്നതാണ് ചെയർമാന്റെ പ്രവൃത്തിയെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. ജോണി ആരോപിച്ചു. നഗരസഭ കൗൺസിൽ അറിയാതെ സ്വന്തം വാർഡിൽ ഹൈടെക് അങ്കണവാടി തുടങ്ങാൻ എല്ലാ വിഭാഗത്തേയും ചെയർമാൻ ദുരിതത്തിലാക്കുന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ പറഞ്ഞു. വാർഡ് വികസന സമിതിയുടെ പേരിൽ ടൗൺഹാൾ മൈതാനിയിൽ അയ്യായിരം സ്‌ക്വയർ ഫീറ്റ് ചുറ്റളവിൽ സ്റ്റാൾ നിർമ്മിച്ച് നടത്തുന്ന കേക്ക് മേള അഴിമതിയുടെ മറ്റൊരു മുഖമാണെന്നാണ് സി.പി.ഐ ലോക്കൽ കമ്മറ്റി ആരോപിക്കുന്നത്. കച്ചവടക്കാരുടെ വയറ്റത്തടിക്കുന്ന കേക്ക് മേളയിൽ നിന്ന് ചെയർമാൻ പിൻമാറണമെന്നും ലോക്കൽ സെക്രട്ടറി അനിൽ കദളിക്കാടൻ ആവശ്യപ്പെട്ടു.