പാവറട്ടി: ജില്ലാ പഞ്ചായത്തിൽ നിന്നും പാവറട്ടി ഡിവിഷനിലേക്ക് 286 ലക്ഷം രൂപയുടെ വികസന പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ വി.എം. മുഹമ്മദ് ഗസ്സാലി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പാവറട്ടി പഞ്ചായത്തിലെ വിവിധ വികസന പദ്ധതികൾക്കായി ജില്ലാ പഞ്ചായത്തിൽ നിന്നും 186 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഫണ്ടും വിവിധ ഏജൻസികളിൽ നിന്ന് ജില്ലാ പഞ്ചായത്ത് മുഖേന ലഭ്യമാക്കിയ ഫണ്ടുകളും അടക്കം 166 ലക്ഷം രൂപയും, ഈ വർഷത്തേക്ക് അംഗീകാരം പുതുക്കി നൽകിയ സ്പിൽ ഓവർ പദ്ധതികൾ 20 ലക്ഷം രൂപയും അടങ്ങുന്നതാണ് ആകെ തുക.

വിവിധ റോഡുകളുടെ നവീകരണം, മിനി കുടിവെള്ള പദ്ധതി, ആശുപത്രി കെട്ടിട നവീകരണം, കുട്ടികളുടെ പാർക്ക്, വെള്ളക്കെട്ട് നിർമ്മാർജ്ജനം, അംഗൻവാടി നിർമ്മാണം, പഞ്ചായത്ത് കുളം കെട്ടി സംരക്ഷിക്കൽ, ഓക്‌സിജൻ പാർക്ക് എന്നിവ ഉൾപ്പെടെയുള്ള വൈവിദ്ധ്യമാർന്ന പദ്ധതികൾക്കാണ് പാവറട്ടി ഗ്രാമപഞ്ചായത്തിൽ ജില്ലാ പഞ്ചായത്തിൽ നിന്നും ഫണ്ട് അനുവദിച്ചിട്ടുള്ളത്.

ഡിവിഷനിൽ ഉൾപ്പെടന്ന ഇതര പഞ്ചായത്തുകളിലും വിവിധ പദ്ധതികൾക്കുള്ള അംഗീകാരം ലഭ്യമായി വരുന്നുണ്ട്. ഡിവിഷനിൽ ആകെ 286 ലക്ഷം രൂപയുടെ വികസന പദ്ധതികൾക്ക് ഇതിനകം ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. ഭരണാനുമതി ലഭിച്ചു കഴിഞ്ഞ പദ്ധതികളുടെ സാങ്കേതിക അനുമതികൾ പൂർത്തീകരിച്ചു വരികയാണെന്നും വിവിധ പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും മുഹമ്മദ് ഗസ്സാലി അറിയിച്ചു.