1

തൃശൂർ: കെ - റെയിലിനെതിരെ നാളെ യു.ഡി.എഫിന്റെ കളക്ടറേറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ ഉദ്ഘാടനം ചെയ്യും. 150000ത്തിലധികം പേർ മാർച്ചിൽ പങ്കെടുക്കും. രാവിലെ പത്തിന് പടിഞ്ഞാറെ കോട്ടയിൽ നിന്ന് മാർച്ച് ആരംഭിക്കും. വരും ദിവസങ്ങളിൽ സിൽവർ ലൈൻ കടന്നു പോകുന്ന വില്ലേജുകൾ കേന്ദ്രീകരിച്ച് പ്രതിരോധ സമിതികൾ രൂപീകരിച്ച് തുടർ സമരങ്ങൾ നടത്തും. പാരിസ്ഥിതിക സാമൂഹിക സാമ്പത്തിക പഠനങ്ങളോ ചർച്ചകളോ നടത്താതെയാണ് സിൽവർ ലൈൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിലായി 36 വില്ലേജുകളിലൂടെയാണ് ഇത് കടന്നു പോകുന്നത്. നിരവധി സ്ഥലങ്ങളിൽ കർഷികവൃത്തി തകിടം മറിയുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. യു.ഡി.എഫ് ജില്ലാ കൺവീനർ കെ.ആർ. ഗിരിജൻ, മുസ്‌ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.എം അമീർ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി കുരിയാക്കോസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.