 
തൃശൂർ: ഉത്സവകാലം വീണ്ടും സജീവം, കൊവിഡ് നിയന്ത്രണത്തിന് ഇളവുകൾ അനുവദിച്ചതോടെ കലാകാരൻമാരും കച്ചവടക്കാരും പ്രതീക്ഷയിലാണ്. ഉത്സവങ്ങൾ ചടങ്ങുകളിൽ നിന്ന് ആഘോഷങ്ങളിലേക്ക് വഴി മാറിത്തുടങ്ങിയതാണ് ഇതിൽ ഉപജീവനമാർഗം തെരയുന്ന ആയിരക്കണക്കിന് പേർക്ക് പ്രതീക്ഷയാകുന്നത്.
കഴിഞ്ഞ രണ്ട് വർഷമായി ഉത്സവങ്ങളെല്ലാം ചടങ്ങുകളാകുകയും ചിലത് ഉപേക്ഷിക്കുകയും ചെയ്തതോടെ ഇതുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്നവർ പട്ടിണിയും പരിവട്ടവുമായിരുന്നു. എന്നാൽ ഉത്സവാഘോഷങ്ങളിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കാനും കലാപരിപാടികൾ ഉൾപ്പെടെ നടത്താനും അനുമതി നൽകിയതോടെയാണ് തയ്യാറെടുപ്പുകൾ തകൃതിയായത്.
പല ക്ഷേത്രങ്ങളും ഇത്തവണ വമ്പൻ സ്റ്റേജ് ഷോകൾക്കു പകരം ക്ഷേത്രകലകൾക്കാണ് പ്രധാന്യം നൽകുന്നത്. നാടകം, ബാലെ തുടങ്ങിയവ ഇത്തവണ പുതിയതായി രംഗത്തിറക്കിയിട്ടില്ല. സാമ്പത്തിക ബാദ്ധ്യത കൂടുതൽ വരുന്ന ഗാനമേളകളും നടത്താൻ ഉത്സവക്കമ്മിറ്റിക്കാർ തയ്യാറല്ല. ഉത്സവപ്പറമ്പുകളിലെ വഴിയോര കച്ചവടക്കാരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്.
എന്നാൽ ഉത്സവ കമ്മിറ്റികൾ തറവാടക ഇനത്തിൽ വൻവാടക പിരിക്കുന്നതായും പരാതികളേറെ. കൊവിഡിനെ തുടർന്ന് പ്രതിസന്ധി നേരിടുന്ന കലാകാരൻമാർക്ക് ആശ്വാസമായി നാടകം, കഥാപ്രസംഗം, മറ്റ് കലാരൂപങ്ങൾ എന്നിവയ്ക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്.
പാണ്ടിയും പഞ്ചവാദ്യവും നിറഞ്ഞൊഴുകും
ഉത്സവകാലം സജീവമാകുന്നതിന്റെ ഭാഗമായി വാദ്യകലാകാരൻമാർ പാണ്ടിയും പഞ്ചവാദ്യവും ഒരുക്കിയാണ് തിരിച്ചുവരവ് ആഘോഷിക്കുന്നത്. ഇന്ന് പൂരങ്ങളുടെ പൂരത്തിലെ നാദതാളവിസ്മയം ചൊരിയുന്ന മഠത്തിൽ വരവിലെ പുണ്യഭൂമിയിൽ പാണ്ടിയുടെ വിസ്മയം ചൊരിയുമ്പോൾ നാളെ മേളപ്പെരുക്കങ്ങളുടെ നാടായ പെരുവനത്തിന്റെ നടവഴിയിൽ പഞ്ചവാദ്യത്തിന്റെ നിറകുടം തുളുമ്പും. ഇന്ന് വൈകീട്ട് 4.30ന് മഠത്തിൽ നടക്കുന്ന മേളത്തിന് ചെറുശേരി കുട്ടൻ മാരാർ പ്രമാണം വഹിക്കും. പെരുവനത്ത് നാളെ വൈകീട്ട് 5.30ന് നടക്കുന്ന പഞ്ചവാദ്യത്തിന് പല്ലാവൂർ ശ്രീധരൻ മാരാർ പ്രമാണം വഹിക്കും. കുനിശേരി ചന്ദ്രൻ, തൃപ്രയാർ രമേശൻ തുടങ്ങി പ്രഗത്ഭരുടെ നിര തന്നെ അണിനിരക്കും.