 
തൃശൂർ: കാട്ടിൽ ചരിയുന്ന ആനകളുടെ കൊമ്പും പല്ലും എടുത്തു വിൽക്കുന്ന അന്തർസംസ്ഥാന സംഘത്തിലെ മുഖ്യകണ്ണിയായ തോമസ് പീറ്ററെ കഴിഞ്ഞദിവസം പിടികൂടിയതോടെ കൂടുതൽ ഇടനിലക്കാരും വേട്ടക്കാരും വരുംദിവസങ്ങളിൽ കുടുങ്ങും. ആവശ്യക്കാരെന്ന വ്യാജേന എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് തന്നെ ആനപ്പല്ലുകൾ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഉഴവൂർ സ്വദേശി തോമസ് പീറ്ററെ (52) കഴിഞ്ഞദിവസം പിടികൂടിയത്.
ഇയാൾക്ക് ആനക്കൊമ്പ് എത്തിച്ച വടക്കഞ്ചേരി പാലക്കുഴി സ്വദേശി ഇല്ലിക്കൽ ജയ്‌മോൻ (48) തൃശൂരിലും പിടിയിലായിരുന്നു. മൂന്നു മാസം മുമ്പ് പീച്ചി വന്യജീവി സങ്കേതത്തിന് സമീപം ആലത്തൂർ റെയ്ഞ്ചിലെ പാലക്കുഴി വിലങ്ങൻപാറ ഭാഗത്തുനിന്നാണ് ആനക്കൊമ്പും ആനപ്പല്ലും ജയ്‌മോൻ എടുത്തത്. ആനക്കൊമ്പിന് അഡ്വാൻസായി അമ്പതിനായിരം രൂപ ജയ്‌മോൻ, തോമസ് പീറ്ററിൽ നിന്നും വാങ്ങിയിരുന്നു. ഇതിനു മുൻപും ആനക്കൊമ്പ് ശേഖരിച്ച് വിൽപ്പനയും അയൽസംസ്ഥാനങ്ങളിലേക്ക് മറിച്ച് വിറ്റുവെന്നുമാണ് വനംവകുപ്പിന് ലഭിക്കുന്ന വിവരം. വേട്ട നടത്തുന്ന സംഘങ്ങളുടെ കൈയ്യിൽ ആനക്കൊമ്പ് ഉണ്ടെന്ന് തോമസ് പീറ്റർ വിവരം നൽകിയിരുന്നു. തോമസ് പീറ്റർ 25,000 രൂപയാണ് ആനയുടെ പല്ലുകൾക്ക് വില ചോദിച്ചിരുന്നത്. കാട്ടുപോത്തിനെ വേട്ടയാടിയ കേസിലും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ആലത്തൂർ വനമേഖലയിൽ നിന്നാണ് ആനയുടെ കൊമ്പും പല്ലുകളും ലഭിച്ചതെന്നാണ് ഇയാൾ അധികൃതർക്ക് നൽകിയ മൊഴി.
കാട്ടിൽ ആനയുടെ ജഡത്തിൽ നിന്ന് കൊമ്പുകളും പല്ലും നഷ്ടപ്പെട്ടുവെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ആനപ്പല്ലും കൊമ്പും വിലയ്ക്ക് വാങ്ങിയ തോമസ് പീറ്ററിൽ നിന്ന് കൊമ്പ് പിടികൂടാൻ സാധിച്ചിട്ടില്ല. കൊമ്പ് മറ്റൊരാളുടെ കൈവശമാണെന്നാണ് തോമസ് പീറ്റർ പറഞ്ഞത്. ആനക്കൊമ്പും പല്ലും എടുത്ത സ്ഥലവും അധികൃതർ കണ്ടെത്തി. പ്രതിയെ തുടരന്വേഷണത്തിനായി ആലത്തൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് കൈമാറിയിട്ടുണ്ട്. മൂന്ന് മാസം മുൻപ് പീച്ചി വന്യജീവി സങ്കേതത്തിന് സമീപം ആലത്തൂർ റേഞ്ചിലെ പാലക്കുഴി വിലങ്ങൻപാറ ഭാഗത്തുനിന്നാണ് ആനക്കൊമ്പും ആനപ്പല്ലും എടുത്ത് ജയ്‌മോൻ വിൽപ്പന നടത്തിയത്. തൃശൂർ ഫോറസ്റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഭാസി ബാഹുലേയന്റെ നേതൃത്വത്തിൽ ബസിൽ നിന്നാണ് ജയ്‌മോനെ പിടികൂടിയത്.
കാട്ടാന അടക്കമുളള മൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലേക്ക് എത്തുന്നത് നിത്യസംഭവമായതോടെ മലയോരകർഷകർ വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളും ശക്തമാക്കിയിട്ടുണ്ട്. വൈദ്യുതവേലിയും പന്നിപ്പടക്കവും മറ്റും കാരണം മൃഗങ്ങൾ ജനവാസകേന്ദ്രങ്ങളോട് ചേർന്നുള്ള കാടിൽ ചത്തുവീഴുന്നുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
ആന കാട്ടിൽ ചരിഞ്ഞ വിവരം അറിയുന്നതാേടെ ആനക്കൊമ്പ് വേട്ടക്കാരും കാടുകയറും. കഴിഞ്ഞവർഷം തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് വായിൽ മുറിവുണ്ടായതിനെത്തുടർന്ന് കാട്ടാന ചരിഞ്ഞ സംഭവം വിവാദമായിരുന്നു. 22 കിലോയിലധികം തൂക്കവും 35 ലക്ഷം രൂപ വിപണി വിലയുള്ള ആനക്കൊമ്പുകളാണ് അടിമാലി ഇരുമ്പുപാലത്ത് നിന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ പിടിച്ചെടുത്തത്.
ലോക്ഡൗണിന് ശേഷം സംഘങ്ങൾ സജീവമായിരുന്നു. ഇടുക്കി കേന്ദ്രീകരിച്ച് വൻസംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. കുമളി, അടിമാലി പോലുള്ള ഹൈറേഞ്ച് മേഖലയാണ് ഇതിൽ അധികവും.
കാട്ടാനകൾ ചത്തൊടുങ്ങുന്നത് ആരും ശ്രദ്ധിക്കാതെ പോകുന്നുണ്ട്. സമയബന്ധിതമായ നടപടികൾ വനംവകുപ്പ് സ്വീകരിക്കേണ്ടതുണ്ട്. കാട്ടിനുള്ളിൽ നിരീക്ഷണം ഫലപ്രദമായി നടക്കുന്നില്ല.
- ഡോ.പി.ബി.ഗിരിദാസ്, ആനചികിത്സാ വിദഗ്ദ്ധൻ