 
വടക്കാഞ്ചേരി: മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നാല് ദിവസങ്ങളിലായി നടന്നുവന്ന അഷ്ടമംഗല പ്രശ്‌നത്തിന് സമാപനം. ആചാരാനുസൃതമായ കർമ്മങ്ങൾ മാത്രമെ ക്ഷേത്രത്തിൽ നടത്താവൂവെന്നാണ് പ്രശ്‌നത്തിലെ നിർദ്ദേശം. വാസ്തുവിധി പ്രകാരം ഹിതല്ലെന്ന് കണ്ടവ പരിഹരിക്കണം, നവീകരണ പ്രവർത്തനങ്ങളും കലശവും നടത്തണം, ദിവസം ഒരാൾക്ക് മാത്രമെ ചുറ്റുവിളക്ക് കഴിക്കാവൂ, ചുറ്റുവിളക്ക് ദിവസം കോമരം തുള്ളി കൽപ്പന ചൊല്ലണം, വർഷങ്ങളായി മുടങ്ങി കിടക്കുന്ന കൊട്ടിപ്പാട്ട് ആരംഭിക്കണം, പ്രകൃതിയുമായി ഇഴുകി കിടക്കുന്ന വെടി വഴിപാട് വീണ്ടും ആരംഭിക്കണം, സർപ്പ പ്രീതിക്കായി പാമ്പിൻകാവിൽ സർപ്പബലി നടത്തണം, ക്ഷേത്രത്തിലെ മാമാങ്കത്തിന് മുന്നോടിയായി ഭാരവാഹികൾ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്ര ദർശനം നടത്തണം, പൂജയ്ക്ക് നാട്ടു പൂക്കൾ മാത്രമെ ഉപയോഗിക്കാവൂ, ക്ഷേത്ര കാര്യങ്ങളിൽ നിന്നും മാറ്റി നിർത്തിയ കോമരത്തിനെ ഉപാധികളോടെ തിരിച്ചെടുക്കാം എന്നിവയാണ് പ്രശ്‌നത്തിൽ ഉയർന്നുവന്ന മറ്റ് അഭിപ്രായങ്ങൾ.
വാസ്തുവിധിപ്രകാരം ക്ഷേത്രത്തിൽ നടപ്പാക്കേണ്ട കാര്യങ്ങൾ വിലയിരുത്തുന്നതിനായി തച്ചു ശാസ്ത്രജ്ഞൻ തൃപ്രയാർ പഴങ്ങാപ്പറമ്പ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ക്ഷേത്രം സന്ദർശിച്ചു. മുഖ്യദൈവജ്ഞൻ എഴക്കരക്കാട് അച്യുതൻ നായർ, സഹ ദൈവജ്ഞൻ ജോതിഷ രത്‌നം കാസർഗോഡ് വി. മോഹനൻ പണിക്കർ, മച്ചാട് കളരിക്കൽ സുഭാഷ് പണിക്കർ എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലാണ് അഷ്ടമംഗല പ്രശ്‌ന ചടങ്ങുകൾ നടന്നത്. ക്ഷേത്രം തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരി, മേൽശാന്തി സുരേഷ് എമ്പ്രാന്തരി, ക്ഷേത്രം ഊരാളൻ ആവണപറമ്പ് മോഹനൻ നമ്പൂതിരി, കോങ്ങാട് സുന്ദരൻ നായർ എന്നിവർ പങ്കെടുത്തു. കൊച്ചിൻ ദേവസ്വം ബോർഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടേയും സംയുക്താഭിമുഖ്യത്തിലാണ് അഷ്ടമംഗല പ്രശ്‌ന ചടങ്ങുകൾ സംഘടിപ്പിച്ചത്.
മച്ചാട് തിരുവാണിക്കാവിൽ നടന്ന അഷ്ടമംഗല സമാപന ചടങ്ങിൽ നിന്ന്.