പുതുക്കാട്: വെള്ളിക്കുളങ്ങര-കോടാലി റോഡിന്റെ നിലവിലെ കരാറുകാരനെ ഒഴിവാക്കി പ്രവൃത്തിയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കാനും എട്ട് ലക്ഷം രൂപ ചെലവഴിച്ച് അടിയന്തര അറ്റകുറ്റപ്പണികൾ ഈ മാസം തന്നെ ആരംഭിക്കാനും മണ്ഡലത്തിലെ കിഫ്ബി നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർ ഹരിത.വി.കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. പുതുക്കാട്-മുപ്ലിയം റോഡ്, പള്ളിക്കുന്ന്-ചിമ്മിനി ഡാം റോഡ് എന്നിവ വീതി കൂട്ടുന്നതിനായി സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർവെ സൂപ്രണ്ടിനെ കളക്ടർ ചുമതലപ്പെടുത്തി.
കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ കളക്ടറേറ്റ് ചേംബറിൽ ചേർന്ന യോഗം കിഫ്ബിയുടെ സഹായത്താൽ നിർമ്മിക്കുന്ന റോഡുകളെ സംബന്ധിച്ച് ചർച്ച ചെയ്യാൻ ജനുവരി 22 ന് കെ.ആർ.എഫ്.ബി, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം വിളിക്കാനും തീരുമാനിച്ചു. 2022 ഏപ്രിൽ, മെയ് മാസത്തോടെ റോഡിന്റെ നിർമ്മാണ പ്രവൃത്തികളാരംഭിക്കും. മണ്ഡലത്തിലൂടെ കടന്ന് പോകുന്ന മലയോര ഹൈവെയുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതും മറ്റുമായ കാര്യങ്ങൾ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കും. ആലത്തൂർ, നെല്ലായി, നന്തിക്കര മേൽപ്പാലങ്ങളുടെ അനുമതിക്കായി റെയിൽവേയ്ക്ക് നൽകിയ അപേക്ഷയിൽ അനുമതി ലഭ്യമാകുന്നതോടെ നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ചു. മുപ്ലിയം ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റ്, ഡി.പി.ആർ എന്നിവ എൽ.എസ്.ജി.ഡി ഉടൻ സമർപ്പിക്കുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എൻജിനിയർ സജിത്ത്, സൈനബ ബി.പി, അസിസ്റ്റന്റ് എൻജിനീയർ ലയ.ഒ.പ്രകാശ്, ആർ.ബി.ഡി.സി പ്രതിനിധികളായ പി.രാജൻ, നസീം ബാഷ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.