 
ചേറ്റുവ പുഴയിൽ കുളവാഴക്കൂട്ടവും ചൊറിയും മൂലം മത്സ്യബന്ധനത്തിന് പോകാൻ കഴിയാതെ കരയിൽ കയറ്റി വച്ചിരിക്കുന്ന വഞ്ചികളും മറ്റ് ഉപകരണങ്ങളും.
ചാവക്കാട്: ചേറ്റുവ പുഴയിൽ കുളവാഴക്കൂട്ടവും ചൊറിയും അടിഞ്ഞ് കൂടിയത് മൂലം തൊഴിൽ ചെയ്യാനാവാതെ മത്സ്യത്തൊഴിലാളികൾ പട്ടിണിയിൽ ആയി. ചേറ്റുവ കനോലി കനാലിൽ നിന്ന് തള്ളി നീക്കുന്ന കുളവാഴക്കൂട്ടം ചേറ്റുവ പുഴയിൽ കുമിഞ്ഞ് കൂടുന്നത് കാരണം മത്സ്യത്തൊഴിലാളികൾക്ക് ആഴ്ചകളോളമായി വലവീശാൻ പറ്റാത്ത അവസ്ഥയാണ്. മത്സ്യബന്ധനത്തിന് പോകാൻ കഴിയാതായതോടെ വഞ്ചികളും മറ്റ് ഉപകരണങ്ങളും കരയിൽ കിടക്കുകയാണ്. ആഴ്ചകളോളമായി മത്സ്യം ലഭിക്കാത്തത് മൂലം പല മത്സ്യത്തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലാണ്. അതാത് പ്രദേശത്തുള്ള പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും കുളവാഴക്കൂട്ടങ്ങളെ അവിടെത്തന്നെ കരയിലേയ്ക്ക് കയറ്റി നശിപ്പിക്കാതെ ചേറ്റുവ പുഴയിലേക്ക് തള്ളിനീക്കുന്നത് മൂലമാണ് അവ പുഴയിലേയ്ക്ക് അടിഞ്ഞ് കൂടുന്നത്. നല്ല വെള്ളം മാറി ഉപ്പ് വെള്ളം ആയതോടെ കുളവാഴകൾ ചീഞ്ഞ് നാറുന്നുമുണ്ട്. വലിയ കുളവാഴക്കൂട്ടങ്ങൾക്കിടയിൽ ഇഴജന്തുക്കളും മലപാമ്പുകളും ഉണ്ടാകാനും സാദ്ധ്യത ഏറെയാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കുളവാഴക്കൂട്ടങ്ങൾ നീക്കി ചേറ്റുവ പുഴ വൃത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാകാണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.