ചാലക്കുടി: പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളിയിലും മേലൂരിലെ പൂലാനിയിലും കാണപ്പെട്ട ഈച്ചകളെയും പ്രാണികളെയും കുറിച്ച് നടന്ന പഠനവിവരം പുറത്ത്. രണ്ടിടങ്ങളിലും കാണപ്പെട്ട ചുവന്ന നിറത്തിലുള്ള പ്രാണികൾ ഉപദ്രവകാരികളല്ലെന്നും എന്നാൽ നിരവധിപേരെ കടിച്ച മാനീച്ചകൾ കന്നുകാലികൾക്കും ദോഷം ചെയ്യുന്നവയാണെന്നും ശാസ്ത്രീയ പഠത്തിൽ തെളിഞ്ഞു.
വെള്ളാനിക്കര കാർഷിക കോളേജിലെ കീടശാസ്ത്ര വിഭാഗം, അഗ്രോണമിക് ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പഠനപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഉപദ്രവമുണ്ടാക്കുന്ന ഈച്ചകളെയും നിരുപദ്രവകാരികളായ പ്രാണികളെയും കുറിച്ച് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണാറ വാഴ ഗവേണ കേന്ദ്രത്തിലെ ശസ്ത്രജ്ഞരിൽ നിന്നും ശേഖരിച്ച വിവരങ്ങളായിരുന്നു ഇവ.
സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ച അടിസ്ഥാന രഹിതമായ സന്ദേശങ്ങളിൽ കുടുങ്ങി, പലയിടത്തും ആളുകൾ ഉപദ്രവമില്ലാത്തെ ബാർക്ക് ലൈസ് എന്ന ചുവപ്പ് പ്രാണികളെ കൊന്നൊടുക്കിയിരുന്നു. തെങ്ങ്, കവുങ്ങ് എന്നിവകളിലെ പൂപ്പൽ മാത്രം ഭക്ഷിച്ച് ജീവിക്കുന്ന ഇവ ആവാസ വ്യവസ്ഥയെ നിലനിറുത്തുന്നതിന് പങ്കുള്ളവയാണെന്നും പഠന റിപ്പോർട്ടിലുണ്ട്. ശൈശവ ദശയിലാണ് ഈ കീടത്തിന് ചുവപ്പ് നിറം.
ഡോ. ഹസീന ഭാസ്‌കർ, ഡോ. കെ.ബി. ദീപ്തി, ഡോ. മിനി എബ്രഹാം തുടങ്ങിയവരാണ് ഇരു പഞ്ചായത്തുകളിലും പഠനം നടത്തിയത്.
മാനീച്ചകൾ അപകടകാരികൾ
റബ്ബർ തോട്ടങ്ങളിലാണ് മാനീച്ചകളെ പ്രധാനമായും കണ്ടെത്തിയത്. ഡീർ ഫ്‌ളൈ എന്നറിയിപ്പെടുന്ന ഇവ മൃഗങ്ങളെ ആക്രമിക്കും. മുട്ടയിടുന്ന വേളകളിൽ പെൺ ഈച്ചകൾ കന്നുകാലികളുടെ അകിൽ നിന്നും രക്തം ഊറ്റിക്കുടിക്കും. ആൺ ഈച്ചകൾ സസ്യങ്ങളുടെ നീര് കുടിച്ചാണ് ജീവിക്കുന്നത്. കന്നുകാലികളുടെ എണ്ണം കുറയുമ്പോഴാണ് പലപ്പോഴും മനുഷ്യരെ കടിക്കുന്നത്.
കടിച്ചാൽ
മനുഷ്യനെ കടിച്ചാൽ ചർമ്മത്തിൽ ചുവന്ന തടിപ്പുകളും നീർവീക്കവും സംഭവിക്കും. ശരീരത്തിൽ അതിയായ വേദനയും അനുഭവപ്പെടും.
മുൻകരുതലും നിയന്ത്രണവും
അഴുക്കുചാലുകളിൽ കെട്ടികിടക്കുന്ന മലിന ജലം ഒഴിവാക്കൽ, പരിസരങ്ങളിൽ വെള്ളക്കെട്ടിന് അനുവദിക്കരുത്. മുതിർന്ന ഈച്ചകളെ ആകർഷിച്ച് നിയന്ത്രിക്കുന്നതിന് വീടുകളുടെ പരിസരത്ത് നീല പശക്കെണികൾ വയ്ക്കണം.