അന്തിക്കാട്: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധത്താൽ അരിമ്പൂർ കാരാമൽ വീട്ടിൽ ശശി (53)യെ മുളക് പൊടിയെറിഞ്ഞ് ആക്രമിച്ച കേസിൽ അഞ്ച് പ്രതികളിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രഹ്മകുളത്ത് ആൽവിൻ എന്ന ടിന്റുമോൻ (30), അരിമ്പൂർ ഉദയനഗർ ചങ്ങരംകണ്ടത്ത് അജീഷ്, ചെമ്മാപ്പിള്ളി കൊളത്തേക്കാട്ട് അശ്വിൻ (35), അരിമ്പൂർ ഉദയനഗർ മാളോക്കാരൻ ജയിംസ് (41) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ കാഞ്ഞാണി ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് അന്തിക്കാട് പൊലീസ് എസ്.എച്ച്.ഒ അനീഷ്‌കരീം, എസ്.ഐ റെനീഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആറാംകല്ല് ബസ് സ്റ്റോപ്പ് പരിസരത്ത് നിൽക്കുകയായിരുന്ന ശശിയെ മുളകുപൊടിയെറിഞ്ഞ് തലയുടെ ഇരുവശത്തും വടി കൊണ്ട് അടിച്ച് ആഴത്തിലുള്ള മുറിവേൽപ്പിക്കുകയും, ശരീരമാസകലം അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. പരിക്കേറ്റ ശശി തൃശൂർ മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. എ.എസ്.ഐ അസീസ്, ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മുഹമ്മദ് അഷറഫ്, എസ്.സി.പി.ഒമാരായ ഇ.എസ്. ജീവൻ, സോണി സേവ്യർ, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, പി.വി. വികാസ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.