കൊടുങ്ങല്ലൂർ: എടവിലങ്ങിൽ വീണ്ടും അടച്ചിട്ട വീട് കുത്തിത്തുറന്നു. ചന്തക്ക് വടക്ക് പോനാക്കുഴി അബ്ദുലത്തീഫിന്റെ വീട്ടിലാണ് മോഷ്ടാക്കൾ കയറിയത്. വിലപിടിപ്പുള്ള വസ്തുവഹകൾ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ലത്തീഫും മകനും ഗൾഫിലുള്ള മകന്റെ അടുത്തേക്ക് പോയിരിക്കുകയായിരുന്നു. വ്യാഴായ്ച വൈകിട്ട് വീട്ടിലെത്തിയ മരുമകളാണ് മോഷണ ശ്രമം ആദ്യമറിഞ്ഞത്. മുൻവശത്തെ വാതിലിന്റെ പുട്ട് തകർത്താണ് മോഷ്ടാക്കൾ വീടിനകത്ത് കയറിയത്. അലമാരകളിലുള്ള സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. കൊടുങ്ങല്ലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കഴിഞ്ഞ ഏതാനും മാസങ്ങളായി എടവിലങ്ങ് പ്രദേശത്ത് മോഷ്ടാക്കളുടെ വിളയാട്ടം ഏറിയിരിക്കുകയാണ്.