
ചാലക്കുടി: വന്യജീവിഉപദ്രവത്തിന് തടയിടാൻ ജില്ലയിലും എസ്.എം.എസ് അലർട്ട് സംവിധാനം. വന്യജീവികൾ ഇറങ്ങുന്നസമയത്ത് വിവരം എസ്.എം.എസായി ഫോറസ്റ്റ്‌റേഞ്ച് ഓഫീസിലെ മൊബൈൽസ്‌ക്വാഡിന്റെ കൺട്രോൾറൂമിൽ അറിയിക്കുകയാണ് ദൗത്യത്തിലെ ആദ്യഘട്ടം.
വിവരത്തിന്റെ നിജസ്ഥിതിയും കാര്യഗൗരവവും കണക്കാക്കി ഉടനെ ഓഫീസിൽ നിന്നും അതാതിടങ്ങളിലെ ജാഗ്രതാഗ്രൂപ്പുകളിലേക്ക് വാട്‌സ്‌ആപ്പ് വഴി സന്ദേശം അയയ്ക്കും. ഇതോടൊപ്പം ഫോറസ്റ്റ് ഡിവിഷനിലേക്കും വിവരം അറിയിക്കും. ഇതോടെ, ആവശ്യമുള്ള സജ്ജീകരണങ്ങളുമായി ഉദ്യോഗസ്ഥർ സ്ഥലത്തെത്തും. വനാതിർത്തിയിലെ ജനവാസകേന്ദ്രങ്ങളെ ഉൾപ്പെടുത്തിയാണ് ഇതിന് ഗ്രൂപ്പുകൾ തയ്യാറാക്കിയത്. വന്യമൃഗങ്ങൾ സ്ഥിരമായി ഇറങ്ങുന്ന പഞ്ചായത്ത്‌വാർഡുകളാണ് ഇതിനായി തെരഞ്ഞെടുത്തത്. ആനത്താരകൾക്ക് സമീപമുള്ള വീടുകളേയും ഉൾപ്പെടുത്തും. ഒരു വീട്ടിൽ ഒരാളെന്ന ക്രമത്തിൽ മുപ്പതോളം അംഗങ്ങളുള്ള ഗ്രൂപ്പായിരിക്കും ഇത്. പഞ്ചായത്തംഗവുമുണ്ടാകും. ചാലക്കുടി ഡിവിഷനിലെ പാലപ്പിള്ളി, വെള്ളിക്കുളങ്ങര, പരിയാരം എന്നീ മൂന്ന് റേഞ്ചുകളിലേയും വന്യമൃഗശല്യമുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്. ഇടുക്കി, വയനാട് ജില്ലകളിലും നേരത്തെ എസ്.എം.എസ് അലർട്ട് സംവിധാനം നേരത്തെ തുടക്കമിട്ടു. മൊബൈൽസ്‌ക്വാഡ്‌ഓഫീസിൽ ഒരുക്കിയ ആർ.ആർ.ടി. കൺട്രോൾറൂമിന്റേ ഉദ്ഘാടനം ടി.ജെ.സനീഷ്കുമാർഎം.എൽ.എ നിർവഹിച്ചു. ഡി.എഫ്.ഒസംബുദ്ധ മജുംദർ മുഖ്യാതിഥിയായി. റേഞ്ച് ഫോറസ്‌റ്റ്ഓഫീസർ ടി.എസ്.മാത്യു, മൊബൈൽസ്‌ക്വാഡ് സെക്ഷൻ ഫോറസ്റ്റ്ഓഫീസർ പി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.