ചാലക്കുടി: റസ്റ്റ് ഹൗസിന് സമീപത്തെ ജലസേചന വകുപ്പ് ഓഫീസിന്റെ മതിൽ പുതുക്കി നർമ്മിക്കുന്നത് നഗരസഭ തടഞ്ഞു. റസ്റ്റ് ഹൗസ് ട്രാംവെ റോഡ് വീതി കൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യം കണക്കിലെടുത്താണ് നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ മതിൽ പുതുക്കി നിർമ്മിക്കുന്നത് തടഞ്ഞത്. നഗരസഭയുടെ ദൗത്യത്തിന് പിന്തുണയുമായി ടി.ജെ. സനീഷ്‌കുമാർ എം.എൽ.എയും രംഗത്തെത്തി.
പടിഞ്ഞാറൻ പ്രദേശങ്ങളിലേയ്ക്കുള്ള പ്രധാന പ്രവേശന മാർഗമായ റസ്റ്റ് ഹൗസ് ട്രാംവെ ബൈലൈൻ റോഡ് വീതി വർദ്ധിപ്പിക്കണമെന്നത് പതിറ്റാണ്ടായുള്ള ആവശ്യമാണ്. വർഷങ്ങൾക്ക് മുമ്പ് ഇവർ കുറച്ച്് ഭൂമി നൽകിയിരുന്നു. എന്നാൽ ടൗൺ മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതോടെ ഇവിടുത്തെ റോഡിനും മതിയായ വികസനം ആവശ്യമാണ്. അടിപ്പാത പൂർത്തിയാകുന്നതോടെ ബൈലൈൻ റോഡ് ഏറ്റവും തിരക്കേറിയതായി മാറും. ഇതെല്ലാം കണക്കിലെടുത്താണ് ചെയർമാൻ വി.ഒ. പൈലപ്പന്റെ നേതൃത്തിൽ ജനപ്രതിനിധികൾ രംഗത്തെത്തിയത്. നവീകരണാർത്ഥം പൊളിച്ച മതിൽ തൽക്കാലം ഒന്നും ചെയ്യരുതെന്ന് ചെയർമാൻ നിർദ്ദേശിച്ചു. റോഡ് വീതി കൂട്ടുന്നതിന് സ്ഥലം അനുവദിക്കണമെന്ന് ജലസേചന വകുപ്പിനോട് എം.എൽ.എയും ചെയർമാനും ആവശ്യപ്പെടുകയും ചെയ്തു. കൗൺസിലർമാരായ ഷിബു വാലപ്പൻ, ബിജു.എസ്. ചിറയത്ത്, റോസി ലാസർ, സൂസമ്മ ആന്റണി, ദീപു ദിനേശ്, ജിജി ജോൺസൻ, ജോജി കാട്ടാളൻ എന്നിവരും സ്ഥലത്തെത്തി.