vanitha-sagam

കൊടുങ്ങല്ലൂർ: പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കി ഉയർത്തിയ കേന്ദ്ര സർക്കാർ നടപടി സ്വാഗതം ചെയ്യുന്നതായി എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കൊടുങ്ങല്ലൂർ യൂണിയൻ നേതൃതല യോഗം. തിരിച്ചറിവും ഉൾക്കരുത്തും ലഭ്യമാകുന്ന പ്രായമാണ്‌ പെൺകുട്ടികളുടെ വിവാഹത്തിനുള്ള ശുഭമുഹൂർത്തമെന്നും നേതൃയോഗം അഭിപ്രായപ്പെട്ടു.

വിവാഹ പൂർവ കൗൺസലിംഗ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി നൽകാൻ നിയമ നിർമ്മാണം നടത്തണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു. എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന വനിതാജ്വാല വിജയിപ്പിക്കാനും കൊടുങ്ങല്ലൂർ യൂണിയൻ നേതൃതല യോഗം തീരുമാനിച്ചു.

കൊടുങ്ങല്ലൂർ യൂണിയൻ ഹാളിൽ നടന്ന നേതൃതല യോഗത്തിന്റെ ഉദ്ഘാടനം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ നിർവഹിച്ചു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ജോളി ഡിൽഷൻ അദ്ധ്യക്ഷനായി. യോഗം കൗൺസിലർ ബേബി റാം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കോ- ഓർഡിനേറ്റർ ഇന്ദിരാദേവി ടീച്ചർ വനിതാ ജ്വാല സന്ദേശം നൽകി.

വനിതാ സംഘം വൈസ് പ്രസിഡന്റ് സുലേഖ അനിരുദ്ധൻ, വനിതാ സംഘം യൂണിയൻ കോ - ഓർഡിനേറ്റർ എം.കെ. തിലകൻ, ജാനകി ബാലൻ, ഷൈല ശരവണൻ, ഷീല സത്യൻ, രഞ്ജിത ഉണ്ണി, യോഗം ഡയറക്ടർ ബോർഡ് അംഗം ഡിൽഷൻ കൊട്ടേക്കാട്ട്, കെ.ജി. ഉണ്ണിക്കൃഷ്ണൻ എന്നീവർ പ്രസംഗിച്ചു.