കയ്പമംഗലം: അടിസ്ഥാന രേഖകളും ഭൂമിയും വീടുമില്ലാത്ത മലവേടർ വിഭാഗത്തിന്റെ ജീവിത ദുരിതം പരിഹരിക്കാൻ മതിലകം ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ഇടപെടൽ ഫലം കാണുന്നു. മതിലകം പഞ്ചായത്തിലെ പൊക്ലായി പ്രദേശത്ത് അരക്ഷിതാവസ്ഥയിൽ ആറ് ടെന്റുകളിലായി പുറമ്പോക്കിൽ തമ്പടിച്ചിരുന്ന ആദിവാസികൾക്കാണ് ജനപ്രതിനിധികളുടെ ഇടപെടലിലൂടെ സംരക്ഷണം ഒരുങ്ങുന്നത്.
ഭൂമിയും, വീടും, വിദ്യാഭ്യാസവും, തൊഴിലും ഉറപ്പു വരുത്താനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ അഭ്യർത്ഥന പ്രകാരം ജില്ലാ ശിശു സംരംക്ഷണ സമിതി പരിശോധന നടത്തിയിട്ടുണ്ട്. നാല് കുട്ടികളെ സമിതി ഏറ്റെടുത്തു. മൂന്ന് കുടുംബങ്ങളെ വാടക വീട്ടിലേക്ക് ഉടൻ മാറ്റാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. പിന്നീട് ഭൂമിയും വീടും നൽകാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ പറഞ്ഞു.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. ഹസ്ഫൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ ബാബു, വത്സമ്മ ടീച്ചർ ബ്ലോക്ക് മെമ്പർമാരായ ശോഭന, കരീം, ആർ.കെ. ബേബി, ഹഫ്‌സ ഗഫൂർ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, വൈസ് പ്രസിഡന്റ് രവീന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ ഇ.കെ. ബിജു, ജസ്‌ന, ശിശു സംരക്ഷണ സമതി ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.