ചേർപ്പ്: കോടന്നൂർ പുത്തൻ വെട്ടോഴി റോഡിന് ശാപമോക്ഷം. റോഡിന്റെ പുനർനിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി. പാറളം പഞ്ചായത്തിലെ കോടന്നൂർ മുതൽ പുത്തൻ വെട്ടോഴി വരെയുള്ള റോഡിന്റെ നിർമ്മാണോദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷമായിട്ടും നിർമ്മാണം ആരംഭിക്കാത്തത് സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു.
ഒരു വർഷം മുമ്പാണ് ഗീത ഗോപി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് തുക വിനിയോഗിച്ച് നിർമ്മാണം ആരംഭിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് മെക്കാഡം ടാറിംഗിനായി റോഡ് വെട്ടിപ്പൊളിച്ചെങ്കില്ലും വിവിധ കാര്യങ്ങൾ പറഞ്ഞ് റോഡ് പണി പൂർത്തിയാക്കാതെ നീണ്ടുപോയി. റോഡ് വെട്ടിപ്പൊളിക്കുകയും എന്നാൽ തുടർ നിർമ്മാണം ആരംഭിക്കാതെയും കിടന്നതിനാൽ ജനങ്ങൾക്ക് ഇതുവഴിയുള്ള യാത്ര ദുരിതപൂർണമായിരുന്നു. നിരവധി ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.
റോഡിന് ഇരുവശങ്ങളിലുള്ള വീടുകളിൽ താമസിക്കുന്നവർക്ക് വാഹനങ്ങൾ കടന്നു പോകുമ്പോൾ പൊടിശല്യം മൂലം വിവിധ അസുഖങ്ങളും നേരിട്ടിരുന്നു. പുത്തൻ വെട്ടോഴി മുതൽ കോടന്നൂർ വരെയാണ് ഇപ്പോൾ ടാറിംഗ് നടത്തി സഞ്ചാര യോഗ്യമാക്കുന്നത്. സി.സി. മുകുന്ദൻ എം.എൽ.എ, അസിസ്റ്റന്റ് എൻജിനിയർ എ.ആർ. പ്രിയ, ജനപ്രതിനിധികൾ എന്നിവർ പ്രദേശം സന്ദർശിച്ചു.