ibrahim

ഇബ്രാഹിമിന് ജാമ്യം

തൃശൂർ: സി.പി.എമ്മിനും സർക്കാരിനും മനുഷ്യാവകാശ പ്രവർത്തകരുടെ കാര്യത്തിൽ ഇരട്ടത്താപ്പാണെന്ന് ജയിൽ മോചിതനായ മാവോവാദി നേതാവ് ഇബ്രാഹിം. മനുഷ്യാവകാശ പ്രവർത്തകരോട് പ്രതികാര നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. സ്റ്റാൻസ്വാമിയുടെ കാര്യത്തിൽ സ്വീകരിച്ച നിലപാടല്ല, സി.പി.എം കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകരോടും സംഘടനകളോടും കാണിക്കുന്നത്. യു.എ.പി.എക്കെതിരെ വലിയ പ്രഖ്യാപനങ്ങൾ നടത്തുന്ന ഇടത് സർക്കാരിന്റെ കാലത്താണ് മനുഷ്യാവകാശ പ്രവർത്തകർക്ക് നേരെ യു.എ.പി.എ ചുമത്തുന്നത്. ജയിലുകൾ പോലും സി.പി.എം അധീനതയിലാണ് പ്രവർത്തിക്കുന്നത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ള ഇബ്രാഹിമിന് പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ഇതേത്തുടർന്നാണ് ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിച്ചത്. കർശന നിബന്ധനകളോടെയാണ് ജാമ്യം. ആറ് വർഷവും 147 ദിവസവും തടവിൽ കഴിഞ്ഞശേഷമാണ് വയനാട് മേപ്പാടി മുക്കിൽപ്പീടിക നേർച്ചക്കണ്ടി വീട്ടിൽ ഇബ്രാഹിം എന്ന ബാബു (68) ജയിൽമോചിതനായത് . ജയിലിന് പുറത്ത് അഡ്വ. തുഷാർ, സി.പി. റഷീദ്, എ.ബി പ്രശാന്ത്, സി.എ അജിതൻ എന്നിവർ ചേർന്ന് ഇബ്രാഹിമിനെ സ്വീകരിച്ചു.