
തൃശൂർ: കേരളം ഇന്ന് അഭീമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് കപടശാസ്ത്രത്തിന്റെ പ്രചാരം ഉയർത്തുന്ന വെല്ലുവിളിയെ നേരിടുകയാണെന്ന് ആരോഗ്യശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യൂണിറ്റ് ആരോഗ്യസർവകലാശാലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിഷത്ത് കോലഴി മേഖലാ പ്രസിഡന്റ് ഐ.കെ. മണി അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗം ടി. സത്യനാരായണൻ , ജില്ലാ പ്രസിഡന്റ് ഡോ.കെ. വിദ്യാസാഗർ, ഡോ. കെ.എ. ഹസീന, എം. ഗീത, ഡോ. അദിൽ നഫർ എന്നിവർ സംസാരിച്ചു.
ചെർപ്പുളശ്ശേരി ശിവന് ഗുരുശ്രേഷ്ഠ പുരസ്കാരം
തൃശൂർ: കുഴൂർ നാരായണ മാരാർ ഫൗണ്ടേഷന്റെ ഗുരുശ്രേഷ്ഠ പുരസ്കാരം (55,555 രൂപ) മദ്ദള വിദ്വാൻ ചെർപ്പുളശ്ശേരി ശിവന് സമ്മാനിക്കും. യുവതലമുറയിൽ കേരളീയ വാദ്യ സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്കാരിക വകുപ്പുമായി സഹകരിച്ച് നടത്തുന്ന വാദ്യോപാസന ജനുവരി 2 മുതൽ 9 വരെ വിവിധ വേദികളിലായി നടക്കും. 9ന് വൈകിട്ട് മൂന്നിന് കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ നടക്കുന്ന സമാപന ചടങ്ങിൽ മന്ത്രി ആർ. ബിന്ദു പുരസ്കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ കാളത്തി മേയ്ക്കാട് പരമേശ്വരൻ നമ്പൂതിരി, ജനറൽ സെക്രട്ടറി എം.എൻ.എസ്. നായർ, സെക്രട്ടറി അന്നമനട മുരളീധര മാരാർ എന്നിവർ പറഞ്ഞു.