thekkan-cheera

തൃശൂർ: നെല്ല്, പച്ചക്കറി, തിന തുടങ്ങിയ 1400 ഓളം പരമ്പരാഗത വിത്തിനങ്ങളുടെ അപൂർവ ശേഖരവുമായി കാർഷിക സർവകലാശാലയിലെ ജീൻ ബാങ്ക്. ആദിവാസി, ഗോത്ര വിഭാഗങ്ങളിൽ നിന്ന് ശേഖരിച്ച അപൂർവം ഇനങ്ങളും ഇതിലുണ്ട്. മുൻപുണ്ടായിരുന്ന പല ഇനങ്ങളും ഇന്ന് കൃഷി ചെയ്യുന്നില്ല.

കൃഷിരീതി മാറുമ്പോൾ പഴയവ കാലഹരണപ്പെടും. ഇങ്ങനെ സംഭവിക്കാതിരിക്കാനും പഴയതിൽ നിന്ന് പുതിയവ വികസിപ്പിക്കാനുമാണ് അപൂർവ ഇനം ശേഖരിച്ചും തരം തിരിച്ചും ജനിതകം സൂക്ഷിക്കുന്നത്. പതിറ്റാണ്ടുകൾ കഴിഞ്ഞാലും പുനരുത്പാദനം സാദ്ധ്യമാകും. കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യുന്ന ജ്യോതി നെല്ലിനവും ഉയരം കുറഞ്ഞ, അത്യുത്പാദന ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഹ്രസ്വകാല നെല്ലിനമായ പി.ടി.ബി 35 അന്നപൂർണ്ണയും തെക്കൻ ചീരയിൽ നിന്നാണ് വികസിപ്പിച്ചത്. ഫിലിപ്പൈൻസിലെ ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് വികസിപ്പിച്ച ഉയരം കുറഞ്ഞ ഐ.ആർ 8 പുറത്തു വന്ന് രണ്ട് വർഷത്തിനുള്ളിലാണിത്. പ്രാദേശിക കാർഷിക ജൈവ വൈവിദ്ധ്യ സംരക്ഷണത്തിന്റെ ഭാഗമായി 2018 മുതൽ ജീൻ ബാങ്ക് പ്രവർത്തിക്കുന്നു.

കലവറയുടെ വൈവിദ്ധ്യം ഇങ്ങനെ

നെല്ലിനങ്ങൾ.
രക്തശാലി, കുങ്കുമശാലി, പറമ്പു വട്ടൻ, കവുങ്ങിൻ പൂത്താല, ആര്യൻ, മുള്ളൻ കയ്മ, ജീരകശാല, ചെട്ടിവിരിപ്പ്, നെയ്ച്ചീര.

തിനകൾ (റാഗി).

കരിമുട്ടി, തൊങ്കൽ, ഉണ്ടപ്പൂവ്, ചോലക്കമ്പളി.

പച്ചക്കറി.

വൈദ്യ കുമ്പളം, വേങ്ങേരി വഴുതന, പൊരിക്കീര (ചീര), ആനക്കൊമ്പൻ വെണ്ട, അരക്കൊടി ബീൻസ്, കോഴിക്കൽ അവര, അടത്താപ്പ്, മായൻ ചീര, കോടാലി നാഗാലാൻഡ് മുളക്..

30-40 വർഷം വരെ വിത്തുകൾ കേടു വരാതെ സൂക്ഷിക്കാം. നമ്മുടെ തനത് വിള വൈവിദ്ധ്യവും ഭക്ഷ്യ സംസ്‌കൃതിയും സംരക്ഷിക്കുകയാണ് ലക്ഷ്യം. ഇടുക്കി, അട്ടപ്പാടി തുടങ്ങിയ ഗോത്ര മേഖലയിലെ അപൂർവം ഇനങ്ങളുമുണ്ട്.

ഡോ. റോസ്‌മേരി ഫ്രാൻസിസ്
പ്രൊഫസർ, കാർഷിക സർവകലാശാല.