
തൃശൂർ: കേന്ദ്രീകൃത ദ്രവ മാലിന്യ സംസ്‌കരണം കേരളത്തിന്റെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന് വിദഗ്ദ്ധർ. ദ്രവ മാലിന്യ സംസ്‌കരണത്തിൽ കേരളം നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച് കിലയിൽ നടന്ന ശിൽപ്പശാലയാണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. കൂടുതൽ മഴ പെയ്യുന്ന സ്ഥലങ്ങളിൽ വലിയ പൈപ്പ് സ്ഥാപിച്ച് ഒരിടത്തേക്ക് ദ്രവ മാലിന്യമെത്തിച്ച് ശുദ്ധീകരിക്കാനാവില്ല. പകരം വികേന്ദ്രീകൃത പദ്ധതികളാണ് അഭികാമ്യം. സംസാരിക്കുകയായിരുന്നു അവർ.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, കില, അമൃത് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു ശിൽപശാല. ശുദ്ധീകരണ ശാലകൾ സ്ഥാപിക്കുന്നത് വൻ ചെലവുണ്ടാക്കുകയും തദ്ദേശ സ്ഥാപനങ്ങളുടെ ബാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ശുചിത്വ മിഷൻ ഡയറക്ടർ പി.ഡി ഫിലിപ്പ്, കൊച്ചി മേയർ എം. അനിൽകുമാർ, കുന്നംകുളം നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ എന്നിവർ ദ്രവ മാലിന്യ പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിച്ചു. ഐ.ഐ.ടി മുംബയ്, ഐ.എ.ആർ.ഐ ന്യൂഡൽഹി, സി.ഡബ്‌ളിയു.ഡി.ആർ.ഡി.എം, ഐ.ഐ.എച്ച്.എസ്, വാഷ് ഇൻസ്റ്റിറ്റ്യൂട്ട്, സി.എസ്.ഐ.ആർ തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചവർ പ്രകൃതി സൗഹൃദമായ ദ്രവ മാലിന്യ സംസ്‌കരണ സാങ്കേതിക വിദ്യകൾ അവതരിപ്പിച്ചു. ഐ.ആർ.ടി.സി, സി.ഡി.ഡി സൊസൈറ്റി, എസ്.ഇ.യു.എഫ് തുടങ്ങിയ സ്ഥാപനങ്ങളും നൂതന നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു.