കൊടുങ്ങല്ലൂർ: കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യു.ഡി.എഫ് ഭരണത്തിലുള്ള കൊടുങ്ങല്ലൂർ താലൂക്ക് ഹൗസിംഗ് സഹകരണ സംഘം തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ രണ്ട് ജനറൽ സീറ്റിൽ വിമതർ മത്സര രംഗത്ത്. ആകെയുള്ള ഏഴ് സീറ്റിൽ അഞ്ചുപേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജനറൽ 2, നിക്ഷേപസമാഹരണം - 1, വനിതാസംവരണം - 3, പട്ടികജാതി സംവരണം - 1 എന്ന ക്രമത്തിലാണ് തിരഞ്ഞെടുപ്പ്. ഇതിൽ ജനറൽ സീറ്റിൽ മാത്രം മത്സരം ഉണ്ടാക്കിയത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
നേതൃത്വം തീരുമാനിച്ച ജനറൽ മണ്ഡലത്തിലെ ഔദ്യോഗിക സ്ഥാനാർത്ഥികളായ സി.എം.പിയിലെ കെ.കെ. പ്രദീപ്, എറിയാട് ബ്ലോക്ക് എക്‌സിക്യൂട്ടിവ് കമ്മിറ്റി മെമ്പർ ബഷീർ കൊല്ലത്തുവീട്ടിൽ എന്നിവർക്കെതിരെയാണ് വിമതർ രംഗത്തുള്ളത്. എടവിലങ്ങ് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ. സക്കറിയ പള്ളിപ്പുറത്ത്, മതിലകം കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ടി.എസ്. ശശി എന്നിവരാണ് യു.ഡി.എഫ് പാനലിനെതിരെ മത്സരിക്കുന്ന വിമതർ.
വിമതർക്കെതിരെ ഇതുവരെ നേതൃത്വം നടപടിയൊന്നും എടുത്തിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ജനറൽ സീറ്റിൽ പത്രിക നൽകിയ ബഷീർ കൊല്ലത്തുവീട്ടിൽ അവസാന നിമിഷം പത്രിക പിൻവലിച്ചത് നേതൃത്വത്തെ വെട്ടിലാക്കി. ഔദ്യോഗിക സ്ഥാനാർത്ഥിക്ക് പിന്തുണ കൊടുക്കേണ്ട കോൺഗ്രസ് നേതൃത്വം ഐക്യജനാധിപത്യ മുന്നണിയുടെ പാനലിൽ വിമതർക്ക് അവസരം ഒരുക്കി കൊടുത്തെന്നാണ് ആരോപണം.
ടി.കെ.എസ് പുരം ഒ.കെ യോഗം സ്‌കൂളിലാണ് രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്ന് വരെതിരഞ്ഞെടുപ്പ് നടക്കുക. പ്രാദേശിക നേതൃത്വത്തിനെതിരെ കെ.പി.സി.സിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കൊടുങ്ങല്ലൂരിലെയും കയ്പമംഗലത്തെയും പ്രവർത്തകർ.