ചാവക്കാട്: തെരുവ് കച്ചവടത്തിന് നഗരസഭ പരിധിയിൽ നിയന്ത്രണങ്ങളേർപ്പെടുത്താൻ കൗൺസിൽ യോഗം തീരുമാനിച്ചു. തെരുവ് കച്ചവടം മൂന്ന് മേഖലകളായി തിരിച്ചാണ് നിയന്ത്രണങ്ങളേർപ്പെടുത്തുന്നത്. അതുപ്രകാരം അരിയങ്ങാടി, വഞ്ചിക്കടവ് റോഡ്, ബസ് സ്റ്റാൻഡിന്റെ വടക്കുഭാഗത്ത് വി.കെ.ജിയുടെ എതിർവശത്ത് ടൈൽ വിരിച്ച ഭാഗം, കൂട്ടുങ്ങൽ ചത്വരം, നഗരസഭ ഓഫീസിന്റെ മുന്നിലുള്ള റോഡ്, ഫുട്പാത്ത്, വടക്കേ ബൈപ്പാസ് റോഡ് എന്നിവിടങ്ങളിൽ തെരുവ് കച്ചവടം അനുവദിക്കില്ല. ബ്ലാങ്ങാട് ബീച്ചിലെ വാഹന പാർക്കിംഗിന്റെ എതിർവശത്ത് തെരുവ് കച്ചവടം യഥേഷ്ടം അനുവദിക്കും. സിവിൽ സ്റ്റേഷൻ റോഡിൽ സിവിൽ സ്റ്റേഷന്റെ എതിർവശത്ത് നിയന്ത്രിത അടിസ്ഥാനത്തിൽ മാത്രമേ തെരുവ് കച്ചവടം അനുവദിക്കൂ.
നഗരസഭ ബസ് സ്റ്റാൻഡ് ഗ്രൗണ്ട് പേ പാർക്കിംഗിന് നൽകാൻ കൗൺസിലിൽ തീരുമാനമായി. പൊതുപരിപാടികളുള്ള ദിവസങ്ങളിൽ പാർക്കിംഗ് ഒഴിവാക്കണമെന്ന നിബന്ധനയോടെയാണ് പേ പാർക്കിംഗിനായി ഗ്രൗണ്ട് അനുവദിക്കുന്നത്. സിവിൽ സ്റ്റേഷന് സമീപമുള്ള നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യയുടെ അധീനതയിലുള്ള പാലത്തിന്റെ ഇരുവശത്തും നടപ്പാത നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് കത്ത് നൽകും. നഗരസഭയിലെ പുന്ന അഞ്ചാം വാർഡിലെ പള്ളി റോഡ് സഞ്ചാരയോഗ്യമാക്കാത്തതിനെതിരെ വാർഡ് കൗൺസിലർ ഷാഹിദ മുഹമ്മദ് പ്രതിഷേധമറിയിച്ചു. അടുത്തവർഷം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് ചെയർപേഴ്‌സൺ മറുപടി നൽകി.
നാളെ ഉച്ചയ്ക്ക് രണ്ടിന് നഗരസഭ പുത്തൻകടപ്പുറം ബാബു സൈദ് സ്മാരക ഹെൽത്ത് സെന്ററിലെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കുമെന്ന് ചെയർപേഴ്‌സൺ അറിയിച്ചു. ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷയായി. കൗൺസിലർമാരായ എം.ആർ. രാധാകൃഷ്ണൻ, പി.എസ്. അബ്ദുൽ റഷീദ്, ഷാഹിദ മുഹമ്മദ്, കെ.വി. സത്താർ, കബീർ, അസ്മത്തലി, ഫൈസൽ കാനാംപുള്ളി, നഗരസഭ സെക്രട്ടറി കെ.ബി. വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.