 
എം.എൻ ലക്ഷം വീട് പുനരുദ്ധാരണ പദ്ധതി വിശദീകരണ യോഗം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്തിലെ നാലു വാർഡുകളിലുള്ള 19 ലക്ഷം വീടുകൾ ഇനി ഒറ്റവീടുകളാകുന്നു. ഒരു ചുമരിന്റെ ഇടതിരിച്ച് രണ്ട് കുടുംബങ്ങൾ താമസിക്കുന്ന വിധമായിരുന്നു ലക്ഷം വീട് കോളനികളിലെ സംവിധാനം.
ഓഖിയും രണ്ട് പ്രളയവും പിന്നിട്ടതോടെ ലക്ഷം വീടുകളിൽ മിക്കവയും വാസയോഗ്യമല്ലാതെ ശോചനീയമായിരുന്നു. കുടുംബങ്ങളിലെ അംഗസംഖ്യ കൂടി വർദ്ധിച്ചതോടെയാണ് സ്വതന്ത്ര ഭവനമെന്ന ആവശ്യം ഉയർന്നത്.
ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് സംസ്ഥാന ഹൗസിംഗ് ബോർഡ് എം.എൻ. ലക്ഷം വീട് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി എടവിലങ്ങിലെ വീടുകൾ സ്വതന്ത്രമാക്കുന്നത്.
എടവിലങ്ങ് പഞ്ചായത്ത് നൽകിയ 19 ലക്ഷം വീടുകളാണ് സംസ്ഥാന ഹൗസിംഗ് ബോർഡ് ഫണ്ട് അനുവദിക്കുന്നത് പ്രകാരം പുനരുദ്ധരിക്കുക. 19 വീടുകൾക്ക് നാലു ലക്ഷം രൂപ വീതം 76 ലക്ഷം രൂപ അനുവദിച്ചതായി ഹൗസിംഗ് ബോർഡ് അധികൃതർ അറിയിച്ചു.
എം.എൻ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾ പുതുക്കി നിർമ്മിക്കുന്നതോടെ ഒറ്റച്ചുമർ വീട്ടിൽ നിന്ന് പുതിയ സംവിധാനത്തിലേക്ക് കോളനി വീടുകൾ മാറും.
പദ്ധതിവിശദീകരണ യോഗം
എടവിലങ്ങ് പഞ്ചായത്തിൽ നടന്ന പദ്ധതി വിശദീകരണ യോഗം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൈലാസൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ഷാഹിന ജലീൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ നിഷ അജിതൻ, ഹൗസിംഗ് ബോർഡ് എക്‌സിക്യൂട്ടിവ് എൻജിനിയർ പോൾ, വാർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
എം.എൻ ലക്ഷം വീട് പദ്ധതി
സി. അച്യുമേനോൻ മുഖ്യമന്ത്രിയായിരിക്കെ ആവിഷ്‌കരിച്ച പാർപ്പിട പദ്ധതിയാണ് ലക്ഷം വീട് പദ്ധതി. വീടില്ലാത്ത പാവപ്പെട്ട ജനങ്ങൾക്കായി ഒരു ലക്ഷം വീടുകൾ നിർമ്മിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. 1972ൽ മന്ത്രിയായിരുന്ന എം.എൻ. ഗോവിന്ദൻ നായരാണ് പദ്ധതി കൊണ്ടുവന്നത്.
ഒരു വീടിന് 1250 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിൽ ചെലവ് വരുന്ന രീതിയിലായിരുന്നു അന്ന് പദ്ധതി ആവിഷ്‌കരിച്ചത്. രണ്ട് മുറികളും ഒരു അടുക്കളയോടും കൂടിയ 250 ചതുരശ്ര അടി വിസ്തീർണമുള്ള ഭവനങ്ങളാണ് ഓരോ കുടുംബത്തിനും നിർമ്മിച്ചു നൽകിയത്.
എം.എൻ ലക്ഷം വീട് പുനരുദ്ധാരണം
നാലു ലക്ഷം രൂപയ്ക്ക് 400 ചതുരശ്ര അടി വിസ്തീർണമുള്ള ഭവനങ്ങളാകും നിർമ്മിക്കുക. ഹൗസിംഗ് ബോർഡുമായി കരാർ ഒപ്പിടുന്നതോടെ 10% ആദ്യം അനുവദിക്കും. പിന്നീട് തറപണിക്ക് ശേഷം 40%, പ്രധാന വാർക്കയ്ക്ക് ശേഷം 40%, പൂർത്തീകരണത്തിന് ശേഷം 10% എന്ന വിധത്തിലാകും ഫണ്ട് അനുവദിക്കുക.
പുനരുദ്ധരിക്കുന്നത്
സംസ്ഥാന ഹൗസിംഗ് ബോർഡ് അംഗീകരിച്ച് വീടുകളുടെ പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിക്കപ്പെട്ടിട്ടുണ്ട്. കരാർ ഒപ്പിടുന്നതോടെ ഡിസംബർ അവസാനമോ അല്ലെങ്കിൽ ജനുവരി ആദ്യമോ ആദ്യ ഗഡു കൊടുക്കാനാകും. ഇതോടെ വീട് നിർമ്മാണം ആരംഭിക്കാനാകും.
- ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ
19 വീടുകളാണ് സംസ്ഥാന ഹൗസിംഗ് ബോർഡിന് പുനരുദ്ധാരണത്തിനായി ആദ്യം നൽകിയത്. ഇത് അംഗീകരിച്ചിട്ടുണ്ട്. തുടർന്ന് നടന്ന അന്വേഷണത്തിൽ വാസയോഗ്യമല്ലാത്ത രണ്ട് വീടുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടി പുനരുദ്ധരിക്കാനുള്ള നടപടിക്രമം പുരോഗമിക്കുന്നു.
- ബിന്ദു രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ്