ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്തിൽ വേലിയേറ്റം മൂലം വീടുകളിലേയ്ക്ക് വെള്ളം കയറിയ ചുള്ളിപ്പാടം, മുനക്കകടവ് പ്രദേശങ്ങളിൽ എൻ.കെ. അക്ബർ എം.എൽ.എ സന്ദർശനം നടത്തി. ചുള്ളിപ്പാടത്ത് വേലിയേറ്റം മൂലം കരയിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കുന്നതിനുള്ള സംരക്ഷണ ഭിത്തി നിർമ്മാണം, സ്‌ളൂയിസ് നിർമ്മാണം എന്നിവ അടിയന്തരമായി പൂർത്തീകരിക്കുന്നതിന് നിർദേശം നൽകി. മുനക്കകടവിൽ ഹാർബറിന്റെ വടക്ക് ഭാഗം മുതൽ പുതിയങ്ങാടി പാണ്ടിലക്കടവ് വരെ സംരക്ഷണ ഭിത്തി, കോളനി അഴീക്കൽ ഹൌലിയ ജാറം പരിസരത്ത് സംരക്ഷണ ഭിത്തി, റഹ്മാനിയ പള്ളിയുടെ സമീപത്ത് കൂടെ കടൽ വെള്ളം പുഴയിലേക്ക് ഒഴുക്കുന്നതിന് തോട് നിർമ്മാണം തുടങ്ങിയ പ്രൊപ്പോസലുകൾ അടിയന്തരമായി തയ്യാറാക്കി നൽകാൻ ഇറിഗേഷൻ വകുപ്പിന് എം.എൽ.എ നിർദ്ദേശം നൽകി. ഇറിഗേഷൻ വകുപ്പിലെ അസിസ്റ്റന്റ് എൻജിനീയർ നെവിൻ ഐസക് ലാൽ, ഓവർസിയർ അനിൽകുമാർ, ജനപ്രതിനിധികൾ തുടങ്ങിയവരും ഉണ്ടായിരുന്നു.