 
ചേർപ്പ്: ധനുമാസ തിരുവാതിരയുടെ സവിശേഷതയുണർത്തി തിരുവാതിര ദശപുഷ്പമാലകളും, പാതിര പൂവ് ഒരുക്കലും. ചേർപ്പ് തായംകുളങ്ങര കീഴേടത്ത് മനയ്ക്കൽ രമണി വിഷ്ണുനമ്പൂതിരിയും കൂടെ സഹായിയായി, കൊച്ചുമകൾ അനവദ്യയും. തിരുവാതിരക്കാലത്ത് ഏറെയും ശിവ ക്ഷേത്രങ്ങളിലേയ്ക്കാണ് ഇവർ തയ്യാറാക്കുന്ന ദശപുഷ്പമാല സമർപ്പിക്കുന്നത്. വിഷ്ണുക്രാന്തി, മുയൽച്ചെവിയൻ, മുക്കുറ്റി, ചെറൂള, പൂവാം കുറഞ്ഞില, കഞ്ഞുണ്ണി, കറുക, ഉഴിഞ്ഞ, തിരുതാളി, നെൽപ്പന തുടങ്ങിയ ദശപുഷ്പങ്ങൾ നാട്ടിൻപുറങ്ങളിൽ നിന്ന് ശേഖരിച്ചാണ് ദശപുഷ്പ മാലയാക്കുന്നത്. പിഷാരടി, വാര്യർ വിഭാഗത്തിൽപ്പെട്ടവരാണ് സാമ്പ്രദായികമായി മാല കെട്ടുന്നത്. ബ്രാഹ്മണ, നമ്പൂതിരി സമുദായങ്ങളിൽപെട്ട മംഗല്യം കഴിഞ്ഞ നവ ദമ്പതികളായവർ തിരുവാതിരക്കാലത്ത് നിലവിളക്കിന് മുന്നിൽ നീല കൊടുവേലിയും തുളസിയും ദശപുഷ്പങ്ങളും ചേർത്ത് പാതിര പൂച്ചൂടുന്നതും പ്രത്യേകതയാണ്.