ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്തിൽ ചേറ്റുവ പുഴയോര മേഖലകളിൽ വേലിയേറ്റം ശക്തമായത് മൂലം ജനങ്ങൾ ദുരിതത്തിൽ. നിരവധി വീടുകൾ വെള്ളക്കെട്ടിലമർന്നു. വിവിധയിടങ്ങളിൽ ഉപ്പ് വെള്ളം കയറി കാർഷിക വിളകളും നശിച്ചു. പലയിടത്തും കുടിവെള്ള ടാപ്പുകൾ പൊട്ടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷവും വേലിയേറ്റത്തിൽ കാർഷികകൾ നശിച്ചുവെന്നും എന്നാൽ ഇതുവരെ യാതൊരു നഷ്ടപരിഹാരവും ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്. എല്ലാ വർഷവും ജനപ്രതിനിധികളും കൃഷിഭവൻ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുകയല്ലാതെ യാതൊരുവിധ നടപടി സ്വീകരിക്കുന്നില്ലെന്നും മതിയായ നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.