news-photo

ഗുരുവായൂർ: പടിഞ്ഞാറെ നടയിലെ ലോഡ്ജിൽ നിന്ന് മലിന ജലം റോഡിലേക്കും പൊതുനിരത്തിലെ കാനയിലേക്കും ഒഴുകുന്നു. ഭക്തർ അടക്കമുള്ളവർ മലിന ജലത്തിൽ ചവിട്ടി നടക്കേണ്ട അവസ്ഥയായിട്ടും നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയരുന്നു.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിലുള്ള റോഡിലേക്കാണ് ലോഡ്ജ് കെട്ടിടത്തിൽ നിന്ന് മാലിന്യം ഒഴുകുന്നത്. വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡിലൂടെ നടന്നു പോകുന്നവരുടെ മേൽ മാലിന്യം തെറിക്കുന്നതും സ്ഥിരം സംഭവമാണ്.

സമ്പൂർണ മാലിന്യ വിമുക്ത നഗരമായി അറിയപ്പെടുന്ന നഗരസഭയിലാണ് നഗരമദ്ധ്യത്തിൽ പട്ടാപകൽ പോലും മാലിന്യം ഒഴുക്കി വിടുന്നത്. ഈ കെട്ടിടത്തിനെതിരെ നേരത്തെ പരാതി ഉയർന്നപ്പോഴും നപടിയെടുക്കാൻ അധികൃതർ മടിച്ചിരുന്നുവെന്നാണ് വിവരം.

മാലിന്യം റോഡിലേക്ക് ഒഴുകുന്നത് പരാതിപ്പെടുകയോ ശ്രദ്ധയിൽപ്പെടുത്തുകയോ ചെയ്താൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് നഗരസഭയുടെ മറുപടി. എന്നാൽ പറഞ്ഞൊഴിയുകയല്ലാതെ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. നഗരസഭയുടെ ഇരട്ടത്താപ്പാണ് ഈ സംഭവത്തിൽ വെളിച്ചത്ത് വരുന്നതെന്നാണ് നാട്ടുകാരുടെ പക്ഷം.