തൃപ്രയാർ: ശ്രീരാമ ഗവ. പോളിടെക്‌നിക്ക് കോളേജ് അക്കാഡമിക്ക് ബ്ലോക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. തൊഴിൽ ശാലകൾ സ്ഥാപിക്കാൻ പ്രത്യേക പരിഗണന നൽകും. പോളിടെക്‌നിക്കുകളുമായി ബന്ധപ്പെട്ട് ഉത്പാദന യൂണിറ്റുകൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എം. അഹമ്മദ്, മഞ്ജുള അരുണൻ, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ, ജൂബി പ്രദീപ്, സി.എസ് മണികണ്ഠൻ, എം.എ ഹാരിസ് ബാബു, എ.എൻ സിദ്ധപ്രസാദ്, ബൈജുഭായി ടി.പി, പ്രിൻസിപ്പൽ അബ്ദുൾ നാസർ എ.എ എന്നിവർ സംസാരിച്ചു.
പുതിയ അക്കാഡമിക്ക് ബ്ലോക്ക്
180 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. രണ്ട് നിലകളിലുള്ള കെട്ടിടത്തിൽ താഴത്തെ നിലയിൽ ക്ലാസ് റൂം, ഡൈനിംഗ് റൂം, വരാന്ത, പാൻട്രി, ലിഫ്റ്റ് റൂം, ആറ് ടോയ്‌ലെറ്റുകൾ എന്നിവ നിർമ്മിച്ചിട്ടുണ്ട്. ഒന്നാമത്തെ നിലയിൽ സെമിനാർ ഹാൾ, ക്ലാസ് റൂം, സ്റ്റോർ, വരാന്ത, രണ്ട് ടോയ്‌ലെറ്റുകൾ എന്നിവ ഉൾപ്പെടും. ഭിന്നശേഷിക്കാർക്കായി റാമ്പിന്റെ പ്രവർത്തിയും പൂർത്തീകരിച്ചു.