കയ്പമംഗലം: സാംസ്‌കാരിക നിലയങ്ങൾക്കും അതിനോട് അനുബന്ധിച്ച് പ്രവർത്തിച്ചുവരുന്ന ലൈബ്രറികൾക്കും നമുക്കിടയിലുള്ള പ്രാധാന്യം വർദ്ധിച്ചുവരികയാണെന്ന് മന്ത്രി കെ. രാജൻ. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 60 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ സംസ്‌കാരിക നിലയങ്ങളും മനുഷ്യ സ്‌നേഹത്തിന്റെയും മാനവ മൈത്രിയുടെയും കേന്ദ്രങ്ങളാണ്. ശ്രീനാരായണഗുരു, സഹോദരൻ അയ്യപ്പൻ, അയ്യങ്കാളി തുടങ്ങിയവർ മലയാളിയെ ഇന്ന് കാണുന്ന സാംസ്‌കാരിക മാറ്റത്തിലേക്ക് നയിക്കാൻ എടുത്ത പരിശ്രമങ്ങൾ നമ്മളാരും കാണാതെ പോകരുതെന്നും മന്ത്രി കൂട്ടിചേർത്തു. ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്. ജയ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, വി.എസ്. രവീന്ദ്രൻ, ഷീജ ബാബു, ഹരിത രതീഷ്, എം.കെ. പ്രേമാനന്ദൻ, സുമതി സുന്ദരൻ, എം.യു. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു. സാംസ്‌കാരിക നിലയത്തിന് സ്ഥലം വിട്ടുനൽകിയ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.