 
ചാലക്കുടി: നാടിന്റെ സമ്പദ് വ്യവസ്ഥയുടെ ആധാരശിലയായ മൂലധന സ്വരൂപണ വിനിയോഗത്തിന്റെ ചാലക ശക്തികളായ തദ്ദേശീയ സഹകരണ സ്ഥാപനങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യതിരക്തമായി കേരളത്തിൽ പ്രവർത്തിക്കുന്നുവെന്ന് കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളറർ ഡോ.സി.സി. ബാബു അഭിപ്രായപ്പെട്ടു. ചാലക്കുടി പബ്ലിക്ക് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗവും മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള കേരള കൗമുദി ലേഖകൻ കെ.വി. ജയനുള്ള അവാർഡ് വിതരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ പ്രദേശിക വിഷയങ്ങൾ പൊതുസമൂഹത്തിന്റെ മുമ്പിൽ അവതരിപ്പിക്കുന്നതിന് മികച്ച സംഭാവനയാണ് കേരള കൗമുദി ലേഖകൻ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലെ പ്രവർത്തനത്തിന് പി.യു. ചന്ദ്രശേഖരനെയും ചടങ്ങിൽ ആദരിച്ചു. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം യൂജിൻ മോറേലി, കെ.വി.ജയന് പുരസ്‌കാരം സമ്മാനിച്ചു.
സംഘം വൈസ് പ്രസിഡന്റ് ജോർജ്.കെ.തോമസ്, ബോർഡംഗങ്ങളായ ജോർജ്.വി.ഐനിക്കൽ, ജോയ് മുരിങ്ങത്തുപറമ്പൻ, എ.എൽ. കൊച്ചപ്പൻ, പി.ഡി. ലോനപ്പൻ കെ.കെ. അനിൽകുമാർ, സുമി ശ്രീധരൻ, പി.കെ. മനോജ്, ലിറിൻ ജോണി, ലില്ലി ലോനപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.