ഇരിങ്ങാലക്കുട: മാസങ്ങൾക്ക് മുമ്പ് ഇടിഞ്ഞുവീണ കുട്ടൻകുളം മതിൽ സമീപത്തെ റോഡിന് ഭീഷണിയാകുന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കുന്ന കൂടൽമാണിക്യം ഉത്സവത്തിനു മുമ്പ് ഇടിഞ്ഞുവീണ കുട്ടൻകുളം മതിൽ പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
കഴിഞ്ഞ ദിവസം ചേർന്ന ഉത്സവ സംഘാടക സമതി യോഗത്തിൽ വാർഡ് കൗൺസിലർ ഉൾപ്പടെയുള്ളവർ ഇക്കാര്യം ഉന്നയിച്ചു. എന്നാൽ മറ്റു കുളങ്ങളെപ്പോലെ തന്നെ ഉടമസ്ഥാവകാശം കൂടൽമാണിക്യം ദേവസ്വത്തിനാണെങ്കിലും കസ്റ്റോഡിയൻ ഇരിങ്ങാലക്കുട നഗരസഭയാണെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ പറഞ്ഞു. മതിൽ പുനർനിർമ്മാണത്തിന് കുളത്തിന്റെ അളവിൽ പോലും മാറ്റങ്ങൾ വരുത്താൻ സാധിക്കാത്ത സ്ഥിതിയാണ്.
ലക്ഷങ്ങൾ ചെലവ് വരുന്ന നിർമ്മാണത്തിനായി പല നയപരവും നിയമപരവുമായ കടമ്പകൾ കടകേണ്ടതായിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ പറയുന്നു. മതിൽ ഇടിഞ്ഞത് മുതൽ കുളത്തിന്റെ അരികുകൾ ഇടിഞ്ഞു തുടങ്ങിയിട്ടുണ്ട്. സമീപത്തെ റോഡിന്റെ സുരക്ഷയെയും ഇത് കാര്യമായി ബാധിക്കും. പുനർനിർമ്മാണം വൈകുന്നതിൽ വിവിധ തലങ്ങളിൽ നിന്നും ഏറെ പ്രതിഷേധം ഉയരുന്നുണ്ട്.