
കൊവിഡാനന്തരം അക്രമികളും കവർച്ചക്കാരും തട്ടിപ്പുകാരും നാടുവാഴുകയാണെന്ന് മനസിലാക്കാൻ പ്രത്യേക കണക്കുകളുടെ ആവശ്യമൊന്നുമില്ല. ദിവസവും പുറത്തുവരുന്ന ക്രൈം വാർത്തകൾ നോക്കിയാൽ മാത്രം മതി. കാട്ടിലും നാട്ടിലും കടലിലുമെല്ലാമുണ്ട് കൊള്ളക്കാർ.
കാട്ടിൽ ചരിയുന്ന ആനകളുടെ കൊമ്പും പല്ലും എടുത്തു വില്ക്കുന്ന അന്തർസംസ്ഥാന സംഘം തന്നെ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വനംവകുപ്പ് തിരിച്ചറിഞ്ഞത് കഴിഞ്ഞ ദിവസം രണ്ടുപേരെ പിടികൂടിയപ്പോഴാണ്. മുഖ്യകണ്ണിയായ തോമസ് പീറ്ററെ കഴിഞ്ഞദിവസം ഉഴവൂരിൽ നിന്നും ഇയാൾക്ക് ആനക്കൊമ്പ് എത്തിച്ച വടക്കഞ്ചേരി പാലക്കുഴി സ്വദേശി ഇല്ലിക്കൽ ജയ്മോനെ തൃശൂരിൽ നിന്നും പിടികൂടിയിരുന്നു.
ഇവരെ പിടികൂടിയതോടെ കൂടുതൽ ഇടനിലക്കാരും വേട്ടക്കാരും വരുംദിവസങ്ങളിൽ കുടുങ്ങുമെന്ന് ഉറപ്പായി. ആവശ്യക്കാരെന്ന വ്യാജേന എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് തന്നെ ആനപ്പല്ലുകൾ വില്പ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഉഴവൂർ സ്വദേശി തോമസ് പീറ്ററെ പിടികൂടിയത്. മൂന്നു മാസം മുമ്പ് പീച്ചി വന്യജീവി സങ്കേതത്തിന് സമീപം ആലത്തൂർ റേഞ്ചിലെ പാലക്കുഴി വിലങ്ങൻപാറ ഭാഗത്തുനിന്നാണ് ആനക്കൊമ്പും ആനപ്പല്ലും ജയ്മോൻ എടുത്തത്. ആനക്കൊമ്പിന് അഡ്വാൻസായി അമ്പതിനായിരം രൂപ ജയ്മോൻ, തോമസ് പീറ്ററിൽ നിന്നും വാങ്ങിയിരുന്നു. ഇതിനു മുൻപും ആനക്കൊമ്പ് ശേഖരിച്ച് വിൽപ്പന നടത്തിയെന്നും അയൽസംസ്ഥാനങ്ങളിലേക്ക് മറിച്ച് വിറ്റെന്നുമാണ് വനംവകുപ്പിന് ലഭിക്കുന്ന വിവരം. വേട്ട നടത്തുന്ന സംഘങ്ങളുടെ കൈയിൽ ആനക്കൊമ്പ് ഉണ്ടെന്ന് തോമസ് പീറ്റർ വിവരം നല് കിയിരുന്നു. തോമസ് പീറ്റർ 25,000 രൂപയാണ് ആനയുടെ പല്ലുകൾക്ക് വില ചോദിച്ചിരുന്നത്. കാട്ടുപോത്തിനെ വേട്ടയാടിയ കേസിലും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ആലത്തൂർ വനമേഖലയിൽ നിന്നാണ് ആനയുടെ കൊമ്പും പല്ലുകളും ലഭിച്ചതെന്നാണ് ഇയാൾ അധികൃതർക്ക് നൽകിയ മൊഴി.
കാട്ടിൽ ആനയുടെ ജഡത്തിൽ നിന്ന് കൊമ്പുകളും പല്ലും നഷ്ടപ്പെട്ടുവെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ആനപ്പല്ലും കൊമ്പും വിലയ്ക്ക് വാങ്ങിയ തോമസ് പീറ്ററിൽ നിന്ന് കൊമ്പ് പിടികൂടാൻ സാധിച്ചിട്ടില്ല. കൊമ്പ് മറ്റൊരാളുടെ കൈവശമാണെന്നാണ് തോമസ് പീറ്റർ പറഞ്ഞത്. ആനക്കൊമ്പും പല്ലും എടുത്ത സ്ഥലവും അധികൃതർ കണ്ടെത്തി. പ്രതിയെ തുടരന്വേഷണത്തിനായി ആലത്തൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് കൈമാറിയിട്ടുണ്ട്. മൂന്ന് മാസം മുൻപ് പീച്ചി വന്യജീവി സങ്കേതത്തിന് സമീപം ആലത്തൂർ റേഞ്ചിലെ പാലക്കുഴി വിലങ്ങൻപാറ ഭാഗത്തുനിന്നാണ് ആനക്കൊമ്പും ആനപ്പല്ലും എടുത്ത് ജയ്മോൻ വില്പന നടത്തിയത്.
നാടുവിടാതെ കൊമ്പന്മാർ
കാട്ടാന അടക്കമുളള മൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലേക്ക് എത്തുന്നത് നിത്യസംഭവമായതോടെ മലയോരകർഷകർ വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളും ശക്തമാക്കിയിട്ടുണ്ട്. വൈദ്യുതവേലിയും പന്നിപ്പടക്കവും മറ്റും കാരണം മൃഗങ്ങൾ ജനവാസകേന്ദ്രങ്ങളോട് ചേർന്നുള്ള കാടിൽ ചത്തുവീഴുന്നുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
ആന കാട്ടിൽ ചരിഞ്ഞ വിവരം അറിയുന്നതാേടെ ആനക്കൊമ്പ് വേട്ടക്കാരും കാടുകയറും. കഴിഞ്ഞവർഷം തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വായിൽ മുറിവുണ്ടായതിനെത്തുടർന്ന് കാട്ടാന ചരിഞ്ഞ സംഭവം വിവാദമായിരുന്നു. 22 കിലോയിലധികം തൂക്കവും 35 ലക്ഷം രൂപ വിപണിവിലയുള്ള ആനക്കൊമ്പുകളാണ് അടിമാലി ഇരുമ്പുപാലത്ത് നിന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ പിടിച്ചെടുത്തത്. ലോക്ഡൗണിന് ശേഷം സംഘങ്ങൾ സജീവമായിരുന്നു. ഇടുക്കി കേന്ദ്രീകരിച്ച് വൻസംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. കുമളി, അടിമാലി പോലുള്ള ഹൈറേഞ്ച് മേഖലയാണ് ഇതിൽ അധികവും. അതേസമയം, കാട്ടാനകൾ ചത്തൊടുങ്ങുന്നത് ആരും ശ്രദ്ധിക്കാതെ പോകുന്നുണ്ടെന്നും സമയബന്ധിതമായ നടപടികൾ വനംവകുപ്പ് സ്വീകരിക്കേണ്ടതുണ്ടെന്നും ആനചികിത്സാവിദഗ്ദ്ധൻ ഡോ.പി.ബി.ഗിരിദാസ് സാക്ഷ്യപ്പെടുത്തുന്നു.
നാട്ടിൽ കാവൽ
മയക്കുമരുന്ന് കടത്ത്, മണൽകടത്ത്, കള്ളക്കടത്ത് തുടങ്ങിയവ തടയാനും ഇവയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനുമുള്ള 'ഓപറേഷൻ കാവൽ' പദ്ധതിയുടെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം എല്ലാ ജില്ലകളിലും ഒരുങ്ങുന്നുണ്ട്. വിവിധ സ്റ്റേഷനിലുള്ള പൊലീസുകാരും ഷാഡോ ടീമിലുള്ളവരും അടക്കം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കൺട്രോൾ റൂമിന്റെ സഹായത്തോടെയാകും പ്രവർത്തനം.
സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ പട്ടിക സ്പെഷ്യൽ ബ്രാഞ്ച് തയ്യാറാക്കുന്നുണ്ട്. ഇതിൽ ഉൾപ്പെട്ടവരെ കർശനമായി നിരീക്ഷിക്കും. ജാമ്യത്തിലിറങ്ങിയവർ വ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ലംഘിച്ചതായി കണ്ടെത്തിയാൽ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്യും. ഇതിനായി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തും. ക്രിമിനൽകേസിലെ പ്രതികളുടെയും കുറ്റവാളികളെന്ന് സംശയിക്കുന്നവരുടെയും നീക്കം മനസിലാക്കി അന്വേഷണം ഊർജ്ജിതമാക്കും. സംശയാസ്പദ സാഹചര്യങ്ങളിൽ അവരുടെ സങ്കേതങ്ങളിൽ പരിശോധന നടത്തും. ഡി.ജി.പിയാണ് പദ്ധതി സംബന്ധിച്ച നിർദ്ദേശം നല്കിയത്. സ്വീകരിച്ച നടപടികൾ ജില്ലാ പൊലീസ് മേധാവിമാർ മുഖേന സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിമാർ എല്ലാ ദിവസവും രാവിലെ പൊലീസ് മേധാവിക്ക് ലഭ്യമാക്കും.
വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടശേഷം ഒളിവിൽ കഴിയുന്നവരെയും ജില്ലാ പൊലീസ് മേധാവിമാർ രൂപം നല്കിയ പ്രത്യേകസംഘം കുടുക്കും. നേരത്തെ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ ഡാറ്റാ ബേസ് ജില്ലാതലത്തിൽ തയ്യാറാക്കുന്നുണ്ട്. ആവശ്യമെങ്കിൽ കാപ്പ നിയമപ്രകാരം ഇവരെ അറസ്റ്റ് ചെയ്യും. സ്ഥിരം കുറ്റവാളികളുടെ മുഴുവൻ വിവരങ്ങളും ജില്ലാ പൊലീസ് മേധാവിമാർ തയ്യാറാക്കുന്നുണ്ട്.
ഈ വർഷം തൃശൂർ റേഞ്ചിന്റെ കീഴിലുള്ള തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്ന് മാത്രമായി 18 ഗുണ്ടകളെയാണ് നാടുകടത്തിയത്. സിറ്റി പരിധിയിൽ നിന്ന് ഏഴ് പേരും റൂറലിൽ നിന്ന് രണ്ട് പേരും പാലക്കാട് , മലപ്പുറം ജില്ലയുടെ പരിധിയിൽ നിന്ന് ആറ് പേരുമാണുള്ളത്. പൊലീസ് മേധാവിമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഞ്ച് ഗുണ്ടകളെ ജില്ലാ മജിസ്ട്രേറ്റുമാരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തടങ്കലിൽ പാർപ്പിച്ചിരുന്നു.
വിശ്വാസികളെ വലവീശാൻ
നൂറ്റാണ്ടുകൾ പഴക്കമുള്ളതും 20 കോടി രൂപ മൂല്യമുള്ളതുമാണെന്നും അവകാശപ്പെട്ട് വ്യാജവിഗ്രഹം വില്പന നടത്താൻ ശ്രമിച്ച ഏഴ് പ്രതികളാണ് തൃശൂരിൽ പിടിയിലായത്. തിരുവനന്തപുരം തിരുമല തച്ചോട്ടുകാവ് അനിഴം നിവാസിൽ ഗീതാറാണി (63) അടക്കമുളളവരാണ് അറസ്റ്റിലായത്. പാവറട്ടി പാടൂരിലെ ആഡംബര വീട് കേന്ദ്രീകരിച്ച് വിഗ്രഹം വില്പനയ്ക്ക് വച്ചിട്ടുണ്ടെന്നുള്ള രഹസ്യവിവരത്തെത്തുടർന്ന് തൃശൂർ സിറ്റി ഷാഡോ പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് പിടിയിലായത്. തനി തങ്കത്തിൽ തീർത്ത ഗണപതി വിഗ്രഹം നൂറ്റാണ്ടുകൾക്കു മുമ്പ് കവടിയാർ കൊട്ടാരത്തിൽ നിന്നും മോഷണം പോയതാണെന്നും കല്പറ്റ കോടതിയിൽ ഉടമസ്ഥാവകാശം സംബന്ധിച്ച കേസുകളുണ്ടായിരുന്നു എന്നും രണ്ടരക്കോടി രൂപ കോടതിയിൽ കെട്ടിവച്ചതിനുശേഷം വിട്ടുകിട്ടിയ വിഗ്രഹമാണെന്നും അവകാശപ്പെട്ടാണ് ഇവർ തട്ടിപ്പിന് ശ്രമിച്ചത്.
ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി നിരവധി വ്യാജ സർട്ടിഫിക്കറ്റുകളും കൈവശമുണ്ടായിരുന്നു. ഇരുപത് കോടി വിലപറഞ്ഞ വിഗ്രഹം, പത്തുകോടിക്ക് വാങ്ങാനെന്ന വ്യാജേന ഇടനിലക്കാർ മുഖേനയാണ് പൊലീസ് സമീപിച്ചത്.