balabhabvan
ജവഹർ ബാലഭവൻ

തൃശൂർ: സാംസ്‌കാരിക വകുപ്പിന് കീഴിലെ ചെമ്പൂക്കാവ് ജവഹർ ബാലഭവനിലെ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് നാലു മാസം. ജീവിതം മുന്നോട്ട് പോകാനാകാത്ത അവസ്ഥയുണ്ടെന്ന് ജീവനക്കാർ പരാതിപ്പെടുന്നു.

ശമ്പളത്തിന് പുറമേ 2008ലെയും 2017ലെയും ശമ്പള പരിഷ്‌കരണ ഇനത്തിലുള്ള കുടിശികയായി 1.30 കോടി രൂപയും ജീവനക്കാർക്ക് ലഭിക്കാനുണ്ട്. 11 സ്ഥിരം ജീവനക്കാരും ഏട്ട് താത്കാലിക ജീവനക്കാരുമാണ് ബാലഭവനിലുള്ളത്. കൂടാതെ താത്കാലിക തസ്തികയിൽ പ്രിൻസിപ്പലും ഉണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പ്രിൻസിപ്പൽ തസ്തിക സ്ഥിരപ്പെടുത്താൻ നീക്കം. തസ്തിക ആവശ്യമാണെങ്കിലും സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതിന് ശേഷം മതിയെന്നാണ് ജീവനക്കാരുടെ നിലപാട്. ദൈന്യംദിന ഭരണച്ചുമതല വഹിക്കുന്ന എക്‌സിക്യൂട്ടിവ് ഡയറക്ടർക്കും പ്രിൻസിപ്പലിനും നൽകുന്ന ഓണറേറിയം പോലും ഇപ്പോൾ കുടിശികയാണ്.

സർക്കാർ നൽകുന്ന ഗ്രാന്റിൽ നിന്നാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. വർഷം 47 ലക്ഷം രൂപ അനുവദിക്കുന്നതിന് പകരം 20 ലക്ഷം രൂപ മാത്രമാണ് ഇതുവരെ ഗ്രാന്റ് നൽകിയത്. ഡിസംബർ അവസാനിക്കാനിരിക്കെ ശമ്പള കുടിശിക അഞ്ചാം മാസത്തിലേക്ക് കടക്കും. എതാനും മാസങ്ങൾക്ക് മുമ്പ് കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നുണ്ടായ ഇടപെടലിൽ ഒരു മാസത്തെ ശമ്പളം ലഭിച്ചിരുന്നതായും ജീവനക്കാർ പറഞ്ഞു.

കളക്ടർ ചെയർമാനായ ഭരണ സമിതിയുടെ പുനഃസംഘടന നടന്നിട്ട് ഒരു വർഷം പിന്നിടുന്നു. ബാലഭവന്റെ നിയമാവലിപ്രകാരം കോർപറേഷൻ കൗൺസിലർമാരിൽ ഒരാളാകണം എക്‌സിക്യൂട്ടിവ് ഡയറക്ടർ. എന്നാൽ പുതിയ കോർപറേഷൻ ഭരണ സമിതി നിലവിൽ വന്ന് ഒരു വർഷം പിന്നിട്ടിട്ടും പുനഃസംഘടന നടത്താൻ തയ്യാറായിട്ടില്ല. നിലവിലെ എക്‌സിക്യുട്ടിവ് ഡയറക്ടർ കെ. കൃഷ്ണൻകുട്ടി മാസ്റ്റർ ഇപ്പോൾ കൗൺസിലറല്ല.

കൊവിഡിനെ തുടർന്ന് ഓഫ് ലൈൻ ക്ലാസുകൾ ഇല്ലായെങ്കിലും ഓൺലൈനായി മുന്നൂറോളം കുട്ടികളാണ് വിവിധ വിഭാഗങ്ങളിൽ പഠിക്കുന്നത്. അവധിക്കാലത്തും മറ്റും ഹ്രസ്വകോഴ്‌സുകൾക്കായി 1300 ഓളം പേർ വരെ ബാലഭവനിൽ എത്താറുണ്ട്. മൂന്നൂറോളം കോഴ്‌സുകളാണ് ഇവിടെയുള്ളത്.

സമര രംഗത്തേക്ക്

ജീവനക്കാരുടെ ശമ്പളക്കാര്യത്തിൽ അടിയന്തര തീരുമാനം ഉണ്ടായില്ലെങ്കിൽ ജനുവരി ഒന്നു മുതൽ പ്രത്യക്ഷസമര രംഗത്തേക്ക് ഇറങ്ങുമെന്ന് ബാലഭവൻ എംപ്ലോയീസ് യൂണിയൻ ഭാരാവാഹികളായ ജോയ് കെ. വർഗീസ്, സജി ജയ്‌സൺ,ആർ.വി രാമപ്രസാദ്, വി.എസ് പാർവതി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.


ജവഹർ ബാലഭവൻ പുന_സംഘടന അടുത്ത് തന്നെ പൂർത്തിയാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച കാര്യങ്ങൾ കോർപറേഷന് കീഴിൽ വരുന്നതല്ല
- എം.കെ. വർഗീസ്, മേയർ