
തൃശൂർ/ചേർപ്പ്: സ്വർണാഭരണ നിർമ്മാണത്തൊഴിലാളിയായ ബംഗാളി യുവാവിനെ കമ്പിപ്പാരയ്‌ക്ക് തലയ്‌ക്കടിച്ച് കൊന്ന ഭാര്യാകാമുകൻ അറസ്റ്റിൽ. ബംഗാൾ ഹുബ്ലി ഫരീദ്പുർ ജയാനൽ മാലിക്കിന്റെ മകൻ മൻസൂർ മാലിക്കിനെ (40) കൊന്ന കേസിലാണ് സഹായിയും ബംഗാൾ സ്വദേശിയുമായ ബീരുവും (33), കാമുകിയും ബംഗാൾ സ്വദേശിയുമായ രേഷ്മാബീവിയും (30) അറസ്റ്റിലായത്.
ഇരുവർക്കും ഒന്നിച്ച് ജീവിക്കാനാണ് മാലിക്കിനെ കൊലപ്പെടുത്തിയത്. എന്നാൽ വഴക്കിനിടെ തന്നെ അടിക്കാനെടുത്ത കമ്പിപ്പാര പിടിച്ചുവാങ്ങി തിരിച്ചടിച്ചപ്പോൾ മാലിക്ക് കൊല്ലപ്പെട്ടെന്നായിരുന്നു ഭാര്യ രേഷ്മ കഴിഞ്ഞദിവസം പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഉറങ്ങുകയായിരുന്ന മൻസൂറിനെ 12ന് രാത്രി കൊന്ന ശേഷം പിറ്റേന്ന് രാത്രി ഇരുവരും ചേർന്ന് താമസസ്ഥലത്ത് കുഴിച്ചിട്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
പത്തുവർഷത്തിലേറെയായി ചേർപ്പിൽ പാറക്കോവിലിലാണ് മൻസൂർ താമസിച്ചിരുന്നത്. സ്വർണപണിക്ക് സഹായി ബീരുവിനെ കൊണ്ടുവന്നതും മൻസൂറായിരുന്നു. ബംഗാളിലെ സ്ഥലം സംബന്ധിച്ച തർക്കത്തിന്റെ പേരിലും നിസാര കാര്യങ്ങൾക്കും മൻസൂർ ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. കുടുംബപ്രശ്‌നങ്ങൾ ബീരുവുമായി രേഷ്മ പങ്കുവച്ചിരുന്നു. തുടർന്ന്, രണ്ടു വർഷമായി ഇവർ പ്രണയത്തിലായെന്നാണ് പൊലീസിന് നൽകിയ മൊഴി. മൻസൂറിനെ ഒഴിവാക്കി കുട്ടികളോടൊപ്പം എവിടെങ്കിലും പോയി താമസിക്കാൻ ഒരു വർഷം മുൻപേ ഇവർ തീരുമാനിച്ചിരുന്നത്രെ. ഇരുനില വാടകവീട്ടിൽ മൻസൂറും കുടുംബവും മുകളിലും ബീരു താഴെയുമായിരുന്നു താമസം.
 കൊലപാതകം കള്ള് കൊടുത്ത് മയക്കിയ ശേഷം
രാത്രി കള്ളു വാങ്ങിയെത്തിയ ബീരു, മൻസൂർ മാലിക്കിന് ഒഴിച്ചുകൊടുത്തിരുന്നു. ഈ സമയം കുട്ടികൾക്ക് ഭക്ഷണം കൊടുത്ത് നേരത്തേ ഉറക്കാനുള്ള തിരക്കിലായിരുന്നു രേഷ്മ. അതിനിടെ ലഹരിയിൽ മൻസൂർ ബോധമില്ലാതെ ഉറങ്ങുകയാണെന്ന് ബീരുവിനെ രേഷ്മ അറിയിച്ചു. തുടർന്ന് കരുതിവച്ചിരുന്ന കമ്പിപ്പാരയുമായെത്തിയ ബീരു മൻസൂറിന്റെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കമ്പിളിയിൽ പൊതിഞ്ഞ് തൊട്ടടുത്ത മുറിയിലെ കുളിമുറിയിലേക്ക് മാറ്റി. നേരം പുലരാറായതോടെ മൃതദേഹം മറവു ചെയ്യുന്നത് തിങ്കളാഴ്ച രാത്രിയിലേക്ക് മാറ്റിവച്ചു. തുടർന്ന് വീടിന്റെ പിറകുവശത്ത് ചപ്പുചവറുകൾ കൂട്ടിയിടുന്നയിടത്ത് മൃതദേഹം കുഴിച്ചിട്ടു.
 കൊലപാതക ശേഷം കുറ്റബോധം
വീടിനടുത്തു തന്നെ മൃതദേഹത്തിന്റെ സാന്നിദ്ധ്യമുള്ളത് മനസിനെ ഉലച്ചെന്ന് ചോദ്യം ചെയ്യലിൽ ഇരുവരും പറഞ്ഞിരുന്നു.
ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് രേഷ്മയും കാമുകനും കൂടി ചേർപ്പ് സ്റ്റേഷനിലെത്തി പരാതി നൽകി. സ്റ്റേഷനിൽ നിന്ന് തിരിച്ചെത്തിയപ്പോൾ ഇവരുടെ സുഹൃത്ത് മൻസൂറിനെ അന്വേഷിച്ചെത്തിയിരുന്നു. ഇയാളോട് മൻസൂർ നാട്ടിൽ പോയെന്നാണ് രേഷ്മ പറഞ്ഞത്.