1

തൃശൂർ: കൊവിഡ് വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്വയം പ്രതിരോധ മുന്നറിയിപ്പുമായി വീണ്ടും ആരോഗ്യ വകുപ്പ് രംഗത്ത്. കൊവിഡിന്റെ ഏത് വകഭേദത്തെയും നേരിടാൻ പ്രതിരോധം മാത്രമാണ് ശരിയായ പ്രതിവിധി എന്നതിനാൽ കൊവിഡ് മാനദണ്ഡം പാലിക്കണമെന്നാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. ശാരീരിക അകലം പാലിക്കുക, എല്ലായ്‌പോഴും വായും മൂക്കും മൂടുന്ന വിധത്തിൽ മാസ്‌ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.


വാക്‌സിൻ സ്വീകരിക്കണം

18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ എത്രയും പെട്ടന്ന് നൽകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും വാക്‌സിൻ സ്വീകരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. ഇതുവരെയും ആദ്യ ഡോസ് സ്വീകരിക്കാത്തവർ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് എത്രയും പെട്ടന്ന് വാക്‌സിൻ സ്വീകരിക്കുക. രണ്ടാം ഡോസ് സ്വീകരിക്കാൻ സമയമായവർ ഒട്ടും വൈകാതെ വാക്‌സിൻ സ്വീകരിച്ച് സുരക്ഷിതരാകണം.

ആരോഗ്യ നില തൃപ്തികരം

ഒമിക്രോൺ സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രയിൽ കഴിയുന്ന സ്ത്രീയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു. ഇവരെ കൂടാതെ രണ്ട് പേർ കൂടി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുണ്ട്. നെഞ്ചുരോഗാശുപത്രിയിലാണ് ഒമിക്രോൺ ചികിത്സാ സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രവർത്തനങ്ങൾ വിലിരുത്തുന്നതിനും ചികിത്സാ സംബന്ധമായ കാര്യങ്ങൾക്കുമായി ഒരു നോഡൽ ഓഫീസറെയും നിയമിച്ചിട്ടുണ്ട്.


വാക്‌സിനെടുക്കാത്ത അദ്ധ്യാപകർ 125 മാത്രം
ജില്ലയിൽ ആകെയുള്ള അദ്ധ്യാപകരിൽ വാക്‌സിൻ എടുക്കാത്തവാരായി ഉണ്ടായിരുന്നത് 125 പേർ മാത്രം. ഇതിൽ 72 പേർ അലർജി ഉൾപ്പടെയുള്ള ശാരീരിക പ്രശ്‌നങ്ങളുള്ളവരായിരുന്നു. കുറച്ച് പേർ കൊവിഡ് വന്ന് മൂന്നു മാസം കഴിയാത്തവരും ഉൾപ്പെടുന്നുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.വി. മദനമോഹൻ പറഞ്ഞു. വാക്‌സിൻ എടുക്കണമെന്ന കർശന നിർദ്ദേശം വന്നതോടെ പലരും എടുത്തു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.