murder-

തൃശൂർ: ഭർത്താവിനെ കാമുകൻ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ സത്യം പുറത്തുവന്നത് പൊലീസിന്റെ തന്ത്രപരമായ ചോദ്യം ചെയ്യലിൽ. പലതവണ രേഷ്മബീവി മൊഴിമാറ്റിയെങ്കിലും സംശയം പുറത്തു കാണിക്കാതെ പൊലീസ് പലവട്ടം ചോദ്യം ചെയ്തു. മൊഴികൾ മാറ്റിപ്പറഞ്ഞ് രേഷ്മ കാമുകനെ രക്ഷിക്കാൻ ശ്രമിച്ചു. എല്ലാം ക്ഷമയോടെ കേട്ടിരുന്ന പൊലീസ് സംഘം ഇരുവരെയും മാറ്റിയിരുത്തി ചോദിച്ചതോടെ പൊട്ടിക്കരഞ്ഞു കൊണ്ട് ഇരുവരും സത്യം വെളിപ്പെടുത്തി. കുഴിച്ചിട്ട സ്ഥലവും കാണിച്ചുകൊടുത്തു. തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, ഇൻസ്‌പെക്ടർ ടി.വി. ഷിബു എന്നിവരാണ് ചോദ്യം ചെയ്തത്. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ബിജുകുമാർ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘവും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഫിംഗർ പ്രിന്റ്, സയന്റിഫിക് വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. തഹസിൽദാർ നീലാംബരൻ ഇൻക്വസ്റ്റ് നടത്തി.

 പപ്പ തല്ലുമെന്ന് പറഞ്ഞ് കുട്ടികളെ വിലക്കി

മുകൾ നിലയിൽ കൊലപാതകം നടക്കുമ്പോൾ താഴെയുള്ള മുറിയിൽ കുട്ടികൾ നല്ല ഉറക്കത്തിലായിരുന്നു. രാവിലെ പപ്പയെ അന്വേഷിച്ചപ്പോൾ പുലർച്ചെ കൂട്ടുകാരന്റെ ബൈക്കിൽ കയറി നാട്ടിൽ പോയെന്ന് കുട്ടികളോട് പറഞ്ഞു. പപ്പയുടെ മുറിയിൽ പോയാൽ പപ്പ തല്ലുമെന്നു പറഞ്ഞ് ഭയപ്പെടുത്തി. സംഭവങ്ങൾ ഒന്നും അറിയാതെ നിഷ്‌ക്കളങ്കമായി സംസാരിച്ച കുട്ടികളുടെ മുഖം തടിച്ചുകൂടിയ നാട്ടുകാരുടെ കണ്ണുകൾ നനച്ചു. കൊലപാതകമോ വഴക്കോ നടന്നതിന്റെ ഒരു സൂചനയും കുട്ടികളിൽ നിന്ന് പൊലീസിന് ലഭിച്ചില്ല. ഇവരെ ശിശുക്ഷേമസമിതി പ്രവർത്തകർ ഞായറാഴ്ച കൊണ്ടുപോയിരുന്നു.