anjana-
അഞ്ജന

തൃശൂർ: കേരളത്തിൽ ഫാഷൻ ഫോട്ടോഗ്രാഫിയിൽ മിടുക്കുള്ള പെൺകുട്ടികളുണ്ടോയെന്ന് ആരെങ്കിലും ചോദിച്ചാൽ പുത്തൻചിറക്കാർ തണ്ടിയേക്കൽ വീട്ടിൽ അഞ്ജനയെ ചൂണ്ടിക്കാട്ടും. മലയാളി പെൺകുട്ടികൾ അധികം രംഗം വാഴാത്ത ഫാഷൻ ഫോട്ടോഗ്രാഫിയിൽ ക്ലിക്കായ അഞ്ജന, നിരവധി ഹോളിവുഡ് മോഡൽസിന്റെ സ്റ്റിൽസ്, കവർ ഫോട്ടോസ് തുടങ്ങിയവ പകർത്തിയാണ് ശ്രദ്ധേയയാകുന്നത്.

ഇന്ത്യൻ സിനിമാ, മോഡൽ രംഗത്തെ പ്രശസ്തരായ താരങ്ങളുടെ ചിത്രങ്ങളെല്ലാം ഇപ്പോൾ അഞ്ജനയുടെ ഫ്രെയിമിൽ ഭദ്രം. അങ്ങനെ അവരുടെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫറാകാനും അഞ്ജനയ്ക്കായി. നാട്ടിൽ കൂടുതലും പുരുഷ ഫോട്ടോഗ്രാഫർമാരല്ലേ.. അതുകൊണ്ട് പെട്ടെന്ന് ആളുകൾക്ക് ഞങ്ങളെപ്പോലുള്ളവരെ കണ്ടാൽ അംഗീകരിക്കാനാകില്ലെന്ന് അഞ്ജന പറയുന്നു. ആഭരണം, വസ്ത്രം, ബാഗുകൾ തുടങ്ങിയവയുടെ ബ്രാൻഡുകൾക്കായി മോഡലുകളുടെ ഫോട്ടോ എടുക്കുന്ന മറ്റൊരു മേഖലയാണ് ഫാഷൻ ഫോട്ടോഗ്രാഫി.

ഫാഷൻ മേഖലയിൽ ഇന്ത്യയിൽ അറിയപ്പെടുന്ന ഒട്ടുമിക്ക എല്ലാ പ്രമുഖ ഫോട്ടോഗ്രാർമാരോടൊപ്പം അഞ്ജന പ്രവർത്തിച്ചിട്ടുണ്ട്. മുംബയിൽ ജോലി നോക്കുമ്പോൾ ഒരുകാലത്ത് കാണാനും പരിചയപ്പെടാനും ആഗ്രഹിച്ച ഒരുപാട് ഫോട്ടോഗ്രാഫർമാരെ പരിചയപ്പെടാനായി. അവർ അഞ്ജനയുടെ ചിത്രങ്ങൾക്ക് പിന്തുണയും പ്രശംസയുമായി രംഗത്തെത്തി. ഫാഷൻ ഫോട്ടോഗ്രാഫിയുടെ അന്താരാഷ്ട്ര ഹബ്ബ് എന്നറിയപ്പെടുന്ന പാരീസിലേക്ക് ജോലിക്കായി പോകണമെന്നതാണ് അഞ്ജനയുടെ ആഗ്രഹം.

കാമറയ്ക്ക് പിന്നിൽ

ആദ്യമൊക്കെ ഓരോ സിനിമകൾ കാണുമ്പോൾ അതിലെ ഛായാഗ്രഹണത്തിന്റെ പ്രത്യേകതകളും ഉപയോഗിച്ചിരിക്കുന്ന കാമറകളെയും കുറിച്ച് അച്ഛൻ പറഞ്ഞുതരും. അതെല്ലാം അമ്പരിപ്പിക്കുന്ന പുതിയ അറിവായി. കുട്ടിക്കാലം മുതൽ ഫോട്ടോഗ്രാഫിയോട് താത്പര്യം ഉണ്ടായിരുന്നതിനാൽ അവയെക്കുറിച്ച് കൂടുതൽ പഠിക്കാമെന്നായി. അങ്ങനെ ഫംഗ്ഷണൽ ഇംഗ്ലീഷ് ബിരുദത്തിന് ശേഷം ഫോട്ടോഗ്രാഫിയിലേക്ക് ചേക്കേറി. പിന്നീട് കൊച്ചിയിലെ നിയോ ഫിലിം സ്‌കൂൾ ഒഫ് ഫോട്ടോഗ്രാഫി സെന്ററിലും, ഡൽഹി സ്‌കൂൾ ഒഫ് ഫോട്ടോഗ്രാഫി സെന്ററിലുമായി പഠനം പൂർത്തീകരിച്ചു.
പ്രമുഖരായ ഫോട്ടോഗ്രാഫർമാരെ രണ്ട് വർഷത്തോളം അസിസ്റ്റ് ചെയ്തു. പിന്നീട് ഫാഷൻ ഫോട്ടോഗ്രാഫിയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോൾ മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇനേഗ മോഡൽ മാനേജ്‌മെന്റ് എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.

കോളേജിലെ കാമറക്കാരി

ഡിഗ്രിക്ക് പഠിക്കുമ്പോൾ കോളേജിൽ നടക്കുന്ന പരിപാടികളിലെല്ലാം ഫോട്ടോ എടുത്തിരുന്നത് അഞ്ജനയായിരുന്നു. എന്തെങ്കിലും പരിപാടി നടക്കാനൊരുങ്ങുമ്പോൾ പ്രിൻസിപ്പൽ അഞ്ജനയോട് ഫോട്ടോ എടുക്കാൻ ആവശ്യപ്പെടും. അങ്ങനെ കോളേജിന്റെ ഒഫീഷ്യൽ ഫോട്ടോഗ്രാഫറായി.

കരിയർ എന്ന വെല്ലുവിളി

പഠനകാലത്ത് ക്ലാസുകളിലെ ആകെയുള്ള പെൺ സാന്നിദ്ധ്യം ഞാനായിരുന്നു. പലപ്പോഴും ഒറ്റപ്പെട്ടുപോയി. അപ്പോഴെല്ലാം കൂടെയുണ്ടായിരുന്നത് സഹപാഠികളായിരുന്നു. ശരിയായ ആഗ്രഹം ഉള്ളിലുള്ളതിനാൽ പ്രതിസന്ധികളെയെല്ലാം തരണം ചെയ്തു. ഈ കരിയർ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം കട്ടയ്ക്ക് കൂടെ നിന്നത് അച്ഛനും അമ്മയുമാണ്. ഇപ്പോൾ ആളുകൾ പൊസിറ്റീവായി സംസാരിക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്.

എന്റെ ജീവിതത്തെ യാഥാർത്ഥ്യങ്ങളോട് ബന്ധിപ്പിക്കുന്ന ഒന്നായിട്ടാണ് എനിക്ക് ഫോട്ടോഗ്രാഫിയെപ്പറ്റി പറയാൻ കഴിയുക. പെൺകുട്ടികളും കൂടുതലായും ഈ ഫീൽഡിലേക്ക് കടന്നുവരണമെന്നാണ് എന്റെ അഭിപ്രായം.

അഞ്ജന.