 അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന കാഞ്ഞാണിയിലെ പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി.
അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന കാഞ്ഞാണിയിലെ പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി.
കാഞ്ഞാണി ഹോമിയോ ഡിസ്‌പെൻസറിയുടെ പ്രവർത്തനം അവതാളത്തിൽ
കാഞ്ഞാണി: മണലൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള കാഞ്ഞാണി ബസ് സ്റ്റാൻഡിലെ ഹോമിയോ ഡിസ്പെൻസറി അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രോഗികളെ പരിശോധിക്കാൻ കഴിയാത്തതിനാലും അടച്ചുപുട്ടൽ ഭീഷണിയിൽ. 2014ലാണ് പ്രൊജക്ടിന്റെ ഭാഗമായി നാഷണൽ ഹെൽത്ത് മിഷൻ മണലൂർ പഞ്ചായത്തിന് ഹോമിയോ ഡിസ്പെൻസറി അനുവദിച്ചത്.
കാഞ്ഞാണി ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് കെട്ടിടത്തിലെ ചെറിയ മുറിയിലാണ് ഡിസ്പെൻസറി പ്രവർത്തനം ആരംഭിച്ചത്. മണലൂർ പഞ്ചായത്തിലെയും മറ്റു പഞ്ചായത്തിലെയും നൂറിൽപ്പരം ആളുകളാണ് ദിനംപ്രതി ഇവിടേക്ക് എത്തുന്നത്. എന്നാൽ ഇവരെയെല്ലാം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിശോധിക്കാൻ പോലും ഇവിടെ സൗകര്യമില്ല.
മരുന്നുകളും രോഗികളുടെ ഫയലുകളുമെല്ലാം സൂക്ഷിക്കുന്നതും ഈ ഇടുങ്ങിയ മുറിയിലാണ്. ആവശ്യത്തിന് കുടിവെള്ളവുമില്ല. എല്ലാ വർഷവും ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി ഹോമിയ ഡിസ്പെൻസറിക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന് റിപ്പോർട്ട് നൽകിയിട്ടും കഴിഞ്ഞ ആറ് വർഷമായി യാതൊരു നടപടിയുമില്ല.
പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നിലവിൽ വന്നതിന് ശേഷം ഡിസ്പെൻസറി സൗകര്യമുള്ള ഭാഗത്തേക്ക് മാറ്റാൻ തിരുമാനിച്ചെങ്കിലും ഒരു വിഭാഗം ആളുകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും എതിർപ്പിനെ തുടർന്നാണ് ഇവിടെതന്നെ നിലനിറുത്തുത്തിയതെന്ന് പറയുന്നു. യാതൊരുവിധ സൗകര്യവും ഇല്ലാത്ത അവസ്ഥയിൽ ഹോമിയോ ഡിസ്പെൻസറി പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൺ പറഞ്ഞു.
ഡിസ്പെൻസറി മണലൂർ പഞ്ചായത്തിന്റെ അധീനതയിൽ ആയതിനാൽ അടിയന്തരമായി വേണ്ട സൗകര്യങ്ങൾ ഒരുക്കേണ്ടത് പഞ്ചായത്താണ്. അതിനാൽ ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ബിന്ദു
ഡി.എം.ഒ ഇൻചാർജ്
ഹോമിയോ ആരോഗ്യവകുപ്പ്
കഴിഞ്ഞ ദിവസം ഹെൽത്ത് വകുപ്പ് അധികൃതർ അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിന് സമീപം വേറെ സ്ഥലം കണ്ടെത്തി അവിടേക്ക് മാറ്റുവാനുള്ള ശ്രമത്തിലാണ്.
പി.ടി. ജോൺസൺ
പഞ്ചായത്ത് പ്രസിഡന്റ്